വലിയ ടെക് കമ്പനികളില്‍ ജോലി കിട്ടുക പ്രയാസമാണെന്ന് കരുതുന്നവര്‍ ഒരു മുന്‍ ജീവനക്കാരന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക

ആമസോൺ, മൈക്രോസോഫ്റ്റ് അല്ലെങ്കിൽ മെറ്റ പോലുള്ള വലിയ ടെക് കമ്പനികളിൽ ജോലി ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് നിങ്ങളിൽ പലർക്കും തോന്നുന്നുണ്ടാകാം. പ്രത്യേകിച്ചും നിങ്ങൾ പുതുതായി ജോലി ആരംഭിക്കുന്ന ഒരാളാണെങ്കിൽ. എന്നാൽ നിങ്ങൾക്ക് വലിയ പരിചയമൊന്നും ഇല്ലെങ്കിൽ പോലും, ഈ മൂന്ന് കമ്പനികളിലും എളുപ്പത്തിൽ ജോലി ലഭിക്കും. ഈ മൂന്ന് കമ്പനികളിലും ജോലി ചെയ്തിട്ടുള്ള ഒരു മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അടുത്തിടെ പങ്കുവച്ച തന്‍റെ അനുഭവങ്ങൾ ശ്രദ്ധേയമാകുകയാണ്. തന്‍റെ വ്യക്തിപരമായ തൊഴിൽ യാത്രകളെക്കുറിച്ചും സാങ്കേതിക പശ്ചാത്തലം ഇല്ലാതിരുന്നിട്ടും തനിക്ക് അതിൽ പ്രവേശിക്കാൻ സഹായിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് ബിസിനസ് ഇൻസൈഡറുമായി അദ്ദേഹം അനുഭവങ്ങള്‍ പങ്കുവച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പരമ്പരാഗത കമ്പ്യൂട്ടർ സയൻസ് പശ്ചാത്തലം ഇല്ലെങ്കിൽപ്പോലും ശരിയായ ചുവടുവയ്പ്പുകളും ശരിയായ മാനസികാവസ്ഥയും ഉണ്ടെങ്കിൽ നിങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. പ്രോഗ്രാമിംഗുമായി യാതൊരു ബന്ധവുമില്ലാത്ത ഇൻഡസ്ട്രിയൽ ഡിസൈനിലാണ് അദ്ദേഹം കോളേജ് പഠനം ആരംഭിച്ചത്. എന്നാൽ പകുതിവഴിക്ക് വച്ച് താൻ കമ്പ്യൂട്ടർ സയൻസിലേക്ക് മാറിയെന്നും മൂന്നാം വർഷത്തിൽ കോഡിംഗ് പഠിക്കാൻ തുടങ്ങുകയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ സഹപാഠികളിൽ പലരും അവരുടെ സ്‍കൂളിൽ നിന്ന് തന്നെ കോഡിംഗ് പഠിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ പലപ്പോഴും പിന്നാക്കം പോയതായി തനിക്ക് തോന്നിയതായും എല്ലാം സ്വയം മനസ്സിലാക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. ആദ്യകാലങ്ങൾ കഠിനമായിരുന്നെങ്കിലും അനുഭവത്തിന്‍റെ വെളിച്ചത്തിൽ എളുപ്പം ജോലിയിൽ കയറാനുള്ള ചില മാർഗ്ഗങ്ങൾ അദ്ദേഹം മനസിലാക്കി. അവയെക്കുറിച്ച് അറിയാം.

ശക്തമായ ഒരു റെസ്യൂമെ ആദ്യ വാതിൽ തുറക്കും

ആദ്യപടി തന്‍റെ റെസ്യൂമെ മാറ്റി എഴുതുക എന്നതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. തുടക്കത്തിൽ, ട്യൂട്ടറിംഗ്, റസ്റ്റോറന്‍റ് ൽ ജോലി തുടങ്ങിയവ മാത്രമേ റെസ്യൂമയിൽ ഉണ്ടായിരുന്നുള്ളൂ. അതിനാൽ, മികച്ചതും യഥാർത്ഥവുമായ ഒരു പ്രോജക്റ്റ് സൃഷ്‍ടിക്കാൻ അദ്ദേഹം തീരുമാനിച്ചു. 3D ഗെയിം ഉള്ള ഒരു ഓൺലൈൻ യൂണിറ്റി കോഴ്‌സിൽ ചേർന്നു. പിന്നീട് അത് തന്‍റെ റെസ്യൂമെയിൽ ചേർത്തു.

ഈ പ്രോജക്റ്റ് ജെപി മോർഗൻ ഹാക്കത്തോണിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് അദ്ദേഹത്തെ വളരെയധികം സഹായിച്ചു. ഇതിനുശേഷം, ആമസോണിൽ ഇന്‍റേൺഷിപ്പ് നേടി. പിന്നീട് 2019 ൽ AWS-ൽ മുഴുവൻസമയ ജോലിക്കാരനായി. റെസ്യൂമയിൽ നിങ്ങൾ എന്താണ് ചെയ്തതെന്ന് എഴുതുക മാത്രമല്ല, നിങ്ങൾ എന്താണ് പുതുതായി സൃഷ്ടിച്ചതെന്ന് കാണിക്കാനും അദ്ദേഹം ഉപദേശിക്കുന്നു. കൂടാതെ, നിങ്ങളുടെ റെസ്യൂമെയിൽ വളരെയധികം ആളുകളിൽ നിന്ന് ഫീഡ്‌ബാക്ക് ചോദിക്കരുത്. ആശയക്കുഴപ്പം ഒഴിവാക്കാൻ അഞ്ചുമുതൽ ഏഴ് വരെ അഭിപ്രായങ്ങൾ മതിയെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

റഫറലുകൾ നിങ്ങൾക്ക് ഒരു മുൻതൂക്കം നൽകും

മൈക്രോസോഫ്റ്റിൽ ജോലി ചെയ്തിരുന്ന കാലത്ത്, ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ മെറ്റയിൽ ഒരു ജോലി ഒഴിവ് അദ്ദേഹം കണ്ടെത്തി. നിയമന മാനേജർക്ക് സന്ദേശം അയയ്ക്കുന്നതിനുപകരം, ടീം എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഗവേഷണം നടത്തി. ഇതൊരു ടീം അംഗവുമായി 10 മിനിറ്റ് സംഭാഷണം നടത്താൻ സഹായിച്ചു. ഇത് ഒരു റഫറലിലേക്കും ഒടുവിൽ ജോലിയിലേക്കും നയിച്ചു. ജോലി ലഭിക്കുന്നതിന് റഫറലുകൾ വളരെ ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ താൽപ്പര്യം കാണിക്കുകയും നല്ല പ്രോജക്ടുകൾ നടത്തുകയും ചെയ്താൽ, ആളുകൾ നിങ്ങളെ റഫർ ചെയ്യാൻ കൂടുതൽ സാധ്യതയുണ്ട്.

അഭിമുഖത്തിൽ നിങ്ങളുടെ ചിന്തകൾ വ്യക്തമാക്കുക

ഒരു അഭിമുഖത്തിൽ, നിങ്ങളുടെ ചിന്താശേഷി നിങ്ങളുടെ ഉത്തരങ്ങൾ പോലെ തന്നെ പ്രധാനമാണ്. അതായത് ഉത്തരം കണ്ടെത്തുക മാത്രമല്ല പ്രധാനം. നിങ്ങളുടെ സമീപനം എന്താണെന്ന് ഇന്‍റര്‍വ്യൂ ബോര്‍ഡിന് മനസിലാവേണ്ടതുണ്ട്. ഒരു കോഡിംഗ് പ്രശ്‍നം പൂർണ്ണമായും പരിഹരിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പോലും, നിങ്ങളുടെ വാദം വ്യക്തമായി വിശദീകരിക്കുക. ആമസോണിലും ഫേസ്ബുക്കിലും ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തിയിട്ടുള്ള ഒരാളെന്ന നിലയിൽ, യുക്തി വിശദീകരിക്കാനുള്ള കഴിവ് ഒരു വലിയ പ്ലസ് പോയിന്‍റ് ആണെന്ന് അദ്ദേഹം പറയുന്നു. പ്രശ്‍നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽപ്പോലും വ്യക്തമായ ആശയവിനിമയവും ഘടനാപരമായ ചിന്തയും പലപ്പോഴും അവരെ വേറിട്ടുനിർത്തുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Axiom 4 mission