ശുഭാംശു ശുക്ല ഓഗസ്റ്റ് 17ന് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

ദില്ലി: ആക്സിയം 4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഇന്ത്യന്‍ വ്യോമസേന ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഇന്ത്യ. എപ്പോഴായിരിക്കും ശുഭാംശു അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുക എന്ന ആകാംക്ഷയിലാണ് രാജ്യത്തെ 143 കോടി ജനങ്ങള്‍. പോസ്റ്റ് ഫ്ലൈറ്റ് റീഹാബിലിറ്റേഷനും നാസയുടെയും ഇസ്രൊയുടെയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ശുഭാംശു ഓഗസ്റ്റ് 17ന് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ചതോടെ ബഹിരാകാശ രംഗത്ത് ഇന്ത്യ ശാശ്വതമായ ഇടം കണ്ടെത്തിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ആക്സിയം 4 ദൗത്യത്തില്‍ 18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഗവേഷണത്തിനും പഠനത്തിനുമായി ചിലവഴിച്ച ശേഷമാണ് ശുഭാംശു ശുക്ല ഇന്നലെ ഭൂമിയില്‍ മടങ്ങിയെത്തിയത്. ശുഭാംശുവിനൊപ്പം മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നീ മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു ആക്സിയം 4 ദൗത്യത്തില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം 3:01-ന് പസഫിക് സമുദ്രത്തില്‍ കാലിഫോര്‍ണിയ തീരത്ത് നാല്‍വര്‍ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം വിജയകരമായി സ്‌പ്ലാഷ്‌ഡൗണ്‍ നടത്തി. ദൗത്യത്തിന് ശേഷം പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനായി ഹൂസ്റ്റണില്‍ നാസയുടെ ജോൺസൺ സ്‌പേസ് സെന്‍ററിലാണ് ഇപ്പോള്‍ ആക്സിയം 4 ദൗത്യസംഘമുള്ളത്.

ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്നീ നേട്ടങ്ങള്‍ ഈ യാത്രയില്‍ ശുഭാംശു ശുക്ല സ്വന്തമാക്കി. രാകേഷ് ശര്‍മ ബഹിരാകാശത്തെത്തിയതിന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരിന്ത്യക്കാരന്‍ ഭൂമിയുടെ അതിര്‍ത്തികള്‍ ഭേദിച്ച് പറന്നത് എന്നതാണ് സവിശേഷത. 1984 ഏപ്രിൽ 2-ന് റഷ്യയുടെ സോയൂസ് ടി-11 വാഹനത്തിലായിരുന്നു രാകേഷ് ശര്‍മ ശൂന്യാകാശത്തെത്തിയത്. റഷ്യയുടെ സല്യൂട്ട് 7 എന്ന ബഹിരാകാശ നിലയത്തിലേക്കായിരുന്നു രാകേഷ് ശര്‍മയുടെ യാത്ര.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Axiom 4 mission