ഇന്ത്യയില്‍ ടിക് ടോക്കിന്‍റെ നിരോധനം നീങ്ങുന്നതായി വീണ്ടും അഭ്യൂഹം, ഗുഡ്‌ഗാവ് ഓഫീസിലേക്ക് ജോലിക്കാരെ ക്ഷണിച്ചതോടെയാണിത്

ദില്ലി: ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ ടോക്കിന്‍റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് വീണ്ടും അഭ്യൂഹം. ടിക് ടോക്കിന്‍റെ ഗുഡ്‌ഗാവ് ഓഫീസിലേക്ക് രണ്ട് ജോലി അപേക്ഷകള്‍ പ്രൊഫഷണല്‍ പ്ലാറ്റ്‌ഫോമായ ലിങ്ക്‌ഡ്‌ഇന്നില്‍ കമ്പനി ക്ഷണിച്ചതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം. കണ്ടന്‍റ് മോഡറേറ്റര്‍ (ബംഗാളി), വെല്‍ബീയിംഗ് പാര്‍ട്‌ണര്‍ഷിപ്പ് ആന്‍ഡ് ഓപ്പറേഷന്‍ ലീഡ് എന്നീ രണ്ട് പോസ്റ്റിലേക്കാണ് ടിക് ടോക് ഇന്ത്യയില്‍ അപേക്ഷകരെ ക്ഷണിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ടിക് ടോക്കിന്‍റെ നിരോധനം ഇന്ത്യയില്‍ നീക്കുകയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമല്ല.

ടിക് ടോക് വെബ്‌സൈറ്റ് ചില യൂസര്‍മാര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞ ആഴ്‌ച കഴിഞ്ഞത്, പ്ലാറ്റ്‌ഫോം ഇന്ത്യയിലേക്ക് മടങ്ങിവരുന്നതായി അഭ്യൂഹങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. എന്നാല്‍ ടിക് ടോക്കിന്‍റെ നിരോധനം നീക്കുന്നതായുള്ള സൂചനകള്‍ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിക്കളയുകയാണുണ്ടായത്. ടിക് ടോക്കിന്‍റെ നിരോധനം നീക്കാനുള്ള ഒരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെന്നും ടിക് ടോക്കിനുള്ള നിരോധനം മാറ്റിയെന്ന തരത്തിൽ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ചില ഉപയോക്താക്കൾക്ക് ടിക് ടോക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞെങ്കിലും ലോഗിൻ ചെയ്യാനോ കണ്ടന്‍റുകള്‍ അപ്‌ലോഡ് ചെയ്യാനോ വീഡിയോകൾ കാണാനോ കഴിഞ്ഞിരുന്നില്ല. ടിക് ടോക് വിവിധ ആപ്പ് സ്റ്റോറുകളിലും ലഭ്യമായിരുന്നില്ല.

ഇന്ത്യയില്‍ ടിക് ടോക്കിനുള്ള നിരോധനം നീങ്ങുമോ?

2020ല്‍ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിനെ തുടർന്നാണ് ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്. പിന്നീട് ഈ നിരോധനം അഞ്ച് വര്‍ഷത്തോളമായി നീളുകയായിരുന്നു.

എന്നാൽ, നിലവിൽ ഇന്ത്യയും ചൈനയും സഹകരണത്തിനുള്ള പാതകൾ തേടുകയാണ്. രണ്ടാഴ്‌ച മുമ്പ് ചൈനീസ് വിദേശ കാര്യമന്ത്രി ഇന്ത്യ സന്ദർശിച്ചിരുന്നു. യുഎസിന്‍റെ അമിത തീരുവ നയത്തിനെ തുടർന്നാണ് ഇന്ത്യയും ചൈനയും വീണ്ടും അടുത്തത്. അതിർത്തിയിൽ സമാധാനം നിലനിർത്തുക, അതിർത്തി വ്യാപാരം വീണ്ടും തുറക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി പുനരാരംഭിക്കുക എന്നിവയിൽ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ ക്ഷണപ്രകാരം, ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. അതിനാല്‍ ഇന്ത്യ- ചൈന സഹകരണ രംഗത്ത് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളിലുണ്ടായേക്കാം എന്നാണ് കരുതപ്പെടുന്നത്.

Nehru Trophy Boat Race | Asianet News Live | Malayalam News Live | Latest Kerala Updates