ദില്ലി: റിലയന്‍സ് ജിയോയുടെ പുതിയ പ്ലാനുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാരോപിച്ച് വൊഡാഫോണ്‍ കോടതിയില്‍. ട്രായ് നിലപാടുകള്‍ ജിയോയുടെ ചട്ടലംഘനങ്ങള്‍ക്ക് സഹായമാകുന്നുണ്ടെന്നും വൊഡാഫോണ്‍ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

റിലയന്‍സ് ജിയോ കഴിഞ്ഞ മാസം അവതരിപ്പിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറും ധന്‍ ധനാ ധന്‍ ഓഫറും ട്രായ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വൊഡാഫോണ്‍ പറയുന്നു. നേരത്തേ, ജിയോയുടെ സൗജന്യ 4ജിയ്ക്ക് എതിരെ വൊഡാഫോണ്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

90 ദിവസത്തിലേറെ സൗജന്യ ഓഫര്‍ നല്‍കുന്നത് ട്രായ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഇതില്‍ ഭേദഗതി വരുത്തിയാണ് വൊഡാഫോണ്‍ പുതിയ പരാതികള്‍ കൂട്ടിച്ചേര്‍ത്തത്. ഹജിയില്‍ ഭേദഗതി വരുത്താനുള്ള അപേക്ഷ സ്വീകരിച്ച കോടതി കേസ് ജൂലൈ 27ന് പരിഗണിക്കുമെന്ന് അറിയിച്ചു.