ഇന്‍റര്‍നെറ്റ് സ്പീഡിനെ സംബന്ധിച്ച് രാജ്യത്ത് ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോററ്ററി (ട്രായി) രംഗത്ത്. നിലവില്‍ 3ജിയും, 4ജിയും വാഗ്ദാനം ചെയ്തിട്ട് 2ജി സ്പീഡ് പോലും പലസമയങ്ങളില്‍ ചില ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. ഇതിനെ തുടര്‍ന്നാണ് ഒരു ഉപയോക്താവിന്‍റെ ഫോണിലെ സ്പീഡ് പരിശോധിക്കാന്‍ കഴിയുന്ന ആപ്പ് ഇറക്കാന്‍ ട്രായ് ഒരുങ്ങുന്നത്.

മൈ സ്പീഡ് ആപ്പ് എന്നാണ് ആപ്പിന് നല്‍കിയിരിക്കുന്ന പേര്. ഇത് വിവിധ ആപ് സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപയോക്താവിന് നെറ്റ് സ്പീഡ് പരിശോധിക്കാം. തൃപ്തികരമായ സ്പീഡ് അല്ലെങ്കില്‍ ട്രായിക്ക് ഇതിന്‍റെ ഫലവും വച്ച് പരാതി നല്‍കാം. ട്രായിയുടെ സ്വന്തം ആപ്പ് അയതിനാല്‍ ഇത് ഇത്തരം തര്‍ക്കങ്ങളില്‍ തെളിവായി എടുക്കാനാണ് ട്രായിയുടെ തീരുമാനം.

ജൂലൈ 5നാണ് ഈ ആപ്പ് ഇറങ്ങുക എന്നതാണ് ഇപ്പോള്‍ അറിയുന്നത്. ഉപയോക്താവിന്‍റെ കവറേജ്, ഡാറ്റ സ്പീഡ്, നെറ്റ്വര്‍ക്ക് ഇന്‍ഫര്‍മേഷന്‍, ലൊക്കേഷന്‍ എന്നിവ ഇതുവഴി മനസിലാക്കാം.