രാജ്യമാകെ മദ്യനിരോധനം കൊണ്ടുവന്നാൽ എന്താകും അവസ്ഥ? ഇത്തരമൊരു നിർദേശം ബീഹാർ മുഖ്യമന്ത്രി നിധീഷ് കുമാർ മുന്നോട്ടുവെച്ചപ്പോൾ ട്വിറ്റർ ഇതെക്കുറിച്ച് പ്രതികരണമാരാഞ്ഞു. ഒരേസമയം ചിരിയും ചിന്തയുമുണർത്തുന്ന പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറഞ്ഞത്. ആൽക്കഹോൾ നിരോധിച്ചാൽ എന്ന ഹാഷ് ടാഗോടെയായിരുന്നു രാജ്യത്തിന്റെ ഭാവി പ്രവചിക്കാൻ ട്വിറ്റർ വഴി തുറന്നുവെച്ചത്. മണിക്കൂറുകൾക്കകം ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി മാറി.
അത്തരം ചില ട്വീറ്റുകൾ ഇങ്ങനെ വായിക്കാം: മദ്യം നിരോധിച്ചാൽ പഞ്ചാബികൾ വിവാഹം വേണ്ടെന്നുവെക്കുമെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇന്ത്യൻ വിവാഹങ്ങളെ വലിയ തോതിൽ മദ്യനിരോധനം ബാധിക്കുമെന്നാണ് പലരും ട്വീറ്റ് ചെയ്തത്. ഇന്ത്യൻ വിവാഹങ്ങളിലെ നൃത്തം ഇല്ലാതായി പോകുമെന്നാണ് മറ്റൊരു ട്വീറ്റ്. മാസാദ്യത്തിൽ അക്കൗണ്ടിൽ ശമ്പളം വരുമ്പോള്‍ കപ്പലണ്ടി മാത്രം പോംവഴിയായി മാറുമെന്നാണ് മറ്റൊരാളുടെ ട്വീറ്റ്.
കിൻലി സോഡ തനിച്ചായി പോകുമെന്ന് അജിത് എന്നയാൾ പ്രതികരിച്ചപ്പോൾ പോപ്പ് ഗായകൻ ഹണി സിങ് മതാത്മകമായുള്ള ബഹ്ജാൻ പാട്ടുകൾ പാടുമെന്നു രവീന്ദ്ര ജഡേജയും ട്വീറ്റ് ചെയ്തു. ഹണിസിങിനും ബാദുഷാക്കും വരികൾ ഇല്ലാതാകുമെന്നായിരുന്നു ചന്ദലേറിന്റെ പ്രതികരണം. മദ്യം നിരോധിച്ചാൽ ഗോവ വിരസമായ മൂന്നക്ഷരമായി മാറുമെന്ന നിരീക്ഷണമാണ് ഒരാൾ നടത്തിയത്.
എന്നാൽ കുറ്റകൃത്യം കുറയും, സ്ത്രീകൾ സുരക്ഷിതർ, ഗ്രാമങ്ങൾ സാമ്പത്തികമായി അഭിവൃദ്ധിപ്പെടും,കുടുംബത്തിലും സമൂഹത്തിലും സന്തോഷം വരുമെന്നുമാണ് റാഷ്മിൻ എന്നയാൾ പ്രതികരിച്ചത്.
