പത്തുകോടിയോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്തെ കിടുകിടാ വിറപ്പിച്ച ട്രൈനോസറസ് റെക്‌സ് എന്ന ദിനോസര്‍ ഒരു ലോലഹൃദയനായിരുന്നു എന്നതാണ് ഏറ്റവും പുതിയ ശാസ്‌ത്ര കണ്ടെത്തല്‍. ജുറാസിക്ക് യുഗത്തിന് ശേഷം, ആദ്യമായി ഭൂമിയില്‍ പൂക്കള്‍ വിരിഞ്ഞു തുടങ്ങിയ സമയത്താണ് 20 അടി ഉയരവും ശത്രുവിനെ കീറിമുറിക്കാനുള്ള പല്ലുകളുമുള്ള ട്രൈനോസറസ് റെക്‌സ് തന്റെ ഏറ്റവും ലോലമായ നാസിക കൊണ്ട് പ്രണയിക്കാന്‍ ഇറങ്ങിയത്. മനുഷ്യന്റെ വിരല്‍ തുമ്പുകള്‍ പോലെ ലോലമായ ട്രൈനോസറസ് മൂക്ക് ശ്വസിക്കാന്‍ മാത്രമല്ല, കൂട് പണിയുന്നതിനും, ട്രൈനോസര്‍ മുട്ടകളും കൊണ്ട് സുരക്ഷിതമായി സഞ്ചരിക്കാനും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇണയെ രതിക്രീഡയിലേക്ക് വശീകരിക്കാന്‍ ഈ വിരുതന്‍ ഡിനോസര്‍ തന്‍റെ നാസിക ഉപയോഗിച്ചിരുന്നതായി അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. 

 ഒരു "ആറാം ഇന്ദ്രിയം" പോലെയാണ് ഈ ഭീമന്‍ തന്‍റെ നാസികാഗ്രം ഉപയോഗിച്ചിരുന്നത്രേ. ഒരു ഇണയെ കണ്ടെത്തിയാല്‍ മണിക്കൂറുകളോളം പരസ്‌പരം മൂക്ക് മാത്രം കൊണ്ടുള്ള ചുംബനസമരമാണ്. "വളരെ സെന്‍സിറ്റീവാണ് അവയുടെ ചര്‍മ്മം," ഗവേഷണത്തിന് നേതൃത്വം കൊടുത്ത് മുഖ്യ ശാസ്‌ത്രജ്ഞന്‍ തോമസ് കാര്‍ പറഞ്ഞു.