ദില്ലി: ആലിബാബയുടെ ഉടമസ്ഥതയിലുള്ള യു സി ബ്രൗസര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിയായ ആലിബാബ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി പിടിച്ചടക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. യു സി ബ്രൗസര്‍ വഴി ചൈന ഇന്തയക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് കേന്ദ്ര ഐ ടി മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് തെളിയിക്കപ്പെട്ടാല്‍ യു സി ബ്രൗസര്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 യുസി ബ്രൗസര്‍ മൊബൈലിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏറ്റവും കൂടുതല്‍ ഉപഭോക്തോക്കള്‍ ഉപയോഗിക്കുന്ന ബ്രൗസറുകളിലൊന്നാണ് യു സി ബ്രൗസര്‍. ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും വിവരങ്ങള്‍ ചോരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് യു സി വെബിന് മെയില്‍ അയച്ചിട്ടുണ്ടെന്നും ഐടി മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇതുവരെ യു സി വെബ് പ്രതികരിച്ചിട്ടില്ല. 

ഓണ്‍ലൈന്‍ ബിസിനസ്സ് ഗ്രൂപ്പായ ആലിബാബ പേ ടി എമ്മിലും സ്‌നാപ് ഡീലിലും നിക്ഷേപമുള്ള കമ്പനിയാണ്. കഴിഞ്ഞ വര്‍ഷം 100 കോടിയോളം ആളുകള്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലുമായി യു സി ബ്രൗസര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഗൂഗിള്‍ ക്രോമിന് പുറമെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ബ്രൗസാറിണിത്. വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഐടി മേഖലയില്‍ കൂടുതല്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നും ഐടി മന്ത്രാലയം അറിയിച്ചു.