ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ നഗരിയാ ഗ്രാമത്തിലെ ആകാശത്ത് പറക്കുംതളിക കണ്ടതായി അവകാശപ്പെടുന്ന ഫോട്ടോകള്‍ കഴിഞ്ഞ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരു ഗ്രാമവാസി പകര്‍ത്തിയ പറക്കുംതളികയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

വിവരമറിഞ്ഞതോടെ ജില്ലാ മജിസ്ട്രേറ്റ് പ്രശ്നത്തിൽ ഇടപ്പെട്ടു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ കൂടുതൽ വിലയിരുത്തലുകൾക്കായി കാലാവസ്ഥാ നിരീക്ഷണവകുപ്പിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ ഇത്തരത്തില്‍ പറക്കുംതളിക ദൃശ്യമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് റിങ്കു എന്ന ഗ്രാമീണനാണ് പറക്കും തളികയുടെ ഫോട്ടോ എടുത്തതായി അവകാശപ്പെട്ടത്.

പുതിയ ചിത്രം വ്യാജമാണോ, സത്യമാണോ എന്ന് വന്‍ ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ അരങ്ങുതകര്‍ക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ കാണ്‍പൂരിലും ലക്‌നൗവിലും സമീപ പ്രദേശങ്ങളിലും പറക്കുംതളിക കണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പറക്കുംതളികയുടെതെന്ന് പറഞ്ഞ് സൃഷ്ടിച്ച ഈ ഫോട്ടോകള്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകൊണ്ട് ഉണ്ടാക്കിയതാണെന്നാണ് പ്രധാന ആരോപണം. 

ഈ പറക്കുതളികയുടെ വീഡിയോകള്‍ എന്തുകൊണ്ട് ഫോട്ടോയെടുത്ത വ്യക്തിയെടുത്തില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.