നെറ്റ്‌വര്‍ക്കിലെ പ്രശ്‌നം എല്ലാ എയര്‍ടെല്‍ വരിക്കാരെയും ബാധിച്ചില്ല. ദില്ലി, മുംബൈ, ബെംഗളൂരു, വിശാഖപട്ടണം, ചെന്നൈ, നാഗ്‌പൂര്‍, ജയ്‌പൂര്‍, അഹമ്മദാബാദ് തുടങ്ങി പ്രധാന നഗരങ്ങളില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ സേവന തടസം രേഖപ്പെടുത്തി. 

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കേരളത്തിലടക്കം താല്‍ക്കാലികമായി തടസപ്പെട്ടു. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ പ്രശ്‌നം നേരിടാന്‍ തുടങ്ങിയത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും എയര്‍ടെല്‍ സേവനങ്ങള്‍ തടസപ്പെട്ടതായി പല യൂസര്‍മാരും ഡൗണ്‍ഡിറ്റക്‌ടര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നെറ്റ്‌വര്‍ക്കിലെ പ്രശ്‌നം എല്ലാ എയര്‍ടെല്‍ വരിക്കാരെയും ബാധിച്ചില്ല. ദില്ലി, മുംബൈ, ബെംഗളൂരു, വിശാഖപട്ടണം, ചെന്നൈ, നാഗ്‌പൂര്‍, ജയ്‌പൂര്‍, അഹമ്മദാബാദ് തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്ന് എയര്‍ടെല്‍ ഉപഭോക്താക്കള്‍ സേവന തടസം ഡൗണ്‍ഡിറ്റക്‌ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടരയോടെ എയര്‍ടെല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടതായി ഉപഭോക്താക്കള്‍ പറയുന്നു.

കേരളത്തിലെ എയര്‍ടെല്‍ വരിക്കാര്‍ക്കും പ്രശ്‌നം

ഭാരതി എയര്‍ടെല്ലിന്‍റെ മൊബൈല്‍ ഇന്‍റര്‍നെറ്റിലാണ് പ്രധാനമായും ഉപഭോക്താക്കള്‍ പ്രശ്‌നം നേരിട്ടത്. ഡൗണ്‍ഡിറ്റക്‌ടറില്‍ പരാതി രേഖപ്പെടുത്തിയവരില്‍ 45 ശതമാനം ആളുകള്‍ പറയുന്നത് മൊബൈല്‍ ഇന്‍റര്‍നെറ്റിലാണ് പ്രശ്‌നം നേരിട്ടതെന്നാണ്. സിഗ്‌നല്‍ ലഭിക്കുന്നില്ലെന്ന് 29 ശതമാനം പേര്‍ പരാതിപ്പെട്ടു. എയര്‍ടെല്ലിന്‍റെ ലാന്‍ഡ്‌ലൈന്‍ ഇന്‍റര്‍നെറ്റിലും സേവന തടസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്താണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ താല്‍ക്കാലികമായുണ്ടായ സാങ്കേതിക തടസത്തിന് കാരണമെന്ന് വ്യക്തമല്ല.

ഇന്നലെ ഗൂഗിള്‍ മീറ്റ് തടസപ്പെട്ടു

ലോകത്തിലെ പ്രധാന വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനുകളിലൊന്നായ ഗൂഗിള്‍ മീറ്റ് സേവനം ഇന്നലെ (26 നവംബര്‍) ഇന്ത്യയില്‍ തടസപ്പെട്ടിരുന്നു. ബുധനാഴ്‌ച ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെയാണ് ഗൂഗിള്‍ മീറ്റ് സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലാതായത്. ഗൂഗിള്‍ മീറ്റിലെ സാങ്കേതിക തടസം 11.30-ഓടെ ഏറ്റവും ഉച്ചസ്ഥായിയിലെത്തി. ഗൂഗിള്‍ മീറ്റ് ലഭ്യമാകുന്നില്ലെന്ന് കാണിച്ച് രണ്ടായിരത്തോളം പരാതികളാണ് ഡൗണ്‍ഡിറ്റക്റ്ററില്‍ ഉച്ചതിരിഞ്ഞ് രണ്ട് മണി വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദില്ലി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഗൂഗിള്‍ മീറ്റിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗൂഗിള്‍ മീറ്റിന്‍റെ വെബ്‌സൈറ്റില്‍ പ്രവേശിക്കാനാകുന്നില്ല എന്നായിരുന്നു പ്രധാന പരാതി. സെര്‍വര്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെടുന്നതായി 34 ശതമാനം പേര്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍, വീഡിയോ ക്വാളിറ്റിയില്‍ പ്രശ്‌നം നേരിടുന്നതായി ചെറിയൊരു ശതമാനം ഗൂഗിള്‍ മീറ്റ് ഉപയോക്താക്കളും ഡൗണ്‍ഡിറ്റക്‌ടറില്‍ പരാതി രേഖപ്പെടുത്തിയിരുന്നു.