സന്‍ഫ്രാന്‍സിസ്കോ: വാട്ട്സ്ആപ്പ് പുതിയ നാഴികക്കല്ല് പിന്നിടുന്നു. ഒരു ദിവസം 10 കോടി വോയ്സ് കോളുകള്‍ വാട്ട്സ്ആപ്പ് വഴി ഉപയോക്താക്കള്‍ നടത്തിയത്. അതായത് ലോകത്ത് ഒരു സെക്കന്‍റില്‍ വാട്ട്സ്ആപ്പ് വഴി 1100 കോളുകളാണ് നടത്തുന്നത്. നിരവധി ഉപയോക്താക്കള്‍ വാട്ട്സ്ആപ്പ് കോളിനെ മികച്ച ഫീച്ചറായി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ഇത് പ്രഖ്യാപിച്ച് വാട്ട്സ്ആപ്പ് വ്യക്തമാക്കിയത്.

വാട്ട്സ്ആപ്പ് കോള്‍ കൂടുതല്‍ വിപൂലീകരിക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നതായും വാട്ട്സ്ആപ്പ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ 100 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നീട്ട വാട്ട്സ്ആപ്പ് ഇന്നും ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകളില്‍ 95 ശതമാനത്തിലും വാട്ട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണ് അവകാശവാദം. ബ്രസീലില്‍ ഇത് 94 ശതമാനമാണ്.

3ജി ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും സജീവമായതോടെയാണ് വാട്ട്സ്ആപ്പ് വഴി കോള്‍ ചെയ്യുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചത്. അതേ സമയം വാട്ട്സ്ആപ്പ് വഴി വോയ്സ് സന്ദേശങ്ങള്‍ അയക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

2009 ല്‍ ബ്രയാന്‍ ആക്ടന്‍, ജെന്‍ കോംമ് എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ വാട്ട്സ്ആപ്പ് അത്ഭുതകരമായ വളര്‍ച്ചയാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് 2014 ല്‍ 19.3 ബില്ല്യണ്‍ ഡോളറിന് വാട്ട്സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തു. ടെക് ലോകത്തെ തന്നെ വലിയ ഏറ്റെടുക്കലുകളില്‍ ഒന്നായിരുന്നു അത്. അതിനിടയില്‍ വാട്ട്സ്ആപ്പ് ഉടന്‍ തന്നെ വീഡിയോ കോളിംഗ് സംവിധാനവും ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.