ദുബായ്: ഐടി കുറ്റകൃത്യങ്ങളെ നേരിടുവാന്‍ നിയമങ്ങള്‍ ശക്തമാക്കി യുഎഇ. ഇത് സംബന്ധിച്ച പുതിയ നിയമങ്ങള്‍ യുഎഇ സര്‍ക്കാര്‍ പുറത്തിറക്കി. ഇത് പ്രകാരം നിരോധിക്കപ്പെട്ട സൈറ്റുകളും മറ്റും ലഭിക്കാന്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ (വിപിഎന്‍) ഉപയോഗിക്കുന്നത് വന്‍ കുറ്റമായി മാറും.

വിപിഎന്‍ പ്രോക്സി സെര്‍വര്‍ എന്നിവ ഉപയോഗിക്കുന്നവര്‍ വന്‍ പിഴയാണ് ഇനി മുതല്‍ നല്‍കേണ്ടിവരുക. 5 ലക്ഷം ദര്‍ഹം മുതല്‍ 25 ലക്ഷം ദര്‍ഹം വരെയാണ് ഇത്തരം വിപിഎന്‍ ഉപയോഗം കണ്ടെത്തിയാല്‍ ഉപയോഗിക്കുന്നയാള്‍ നല്‍കേണ്ടി വരുക.

നേരത്തെ യുഎഇ നിയമപ്രകാരം സൈബര്‍ ക്രൈമുകള്‍ക്ക് വിപിഎന്‍ ഉപയോഗിച്ചാല്‍ മാത്രമേ കുറ്റമായിരുന്നുള്ളു. എന്നാല്‍ പുതിയ നിയമപ്രകാരം ഇന്‍റര്‍നെറ്റിലെ യുഎഇയില്‍ നിരോധിച്ച ഏത് കണ്ടന്‍റും വിപിഎന്‍ വഴി ഉപയോഗിച്ചാല്‍ അത് സൈബര്‍ ക്രൈം ആയി കണക്കാക്കും. 

ലോകത്തിന്റെ ഏതു കോണിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളേയും തമ്മിൽ ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ച് വളരെ സുരക്ഷിതമായ ഒരു നെറ്റ് വര്‍ക്ക് രൂ‍പപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് വിപിഎന്‍. ഇത്തരത്തിലുള്ള ഒരു നെറ്റ്വർക്കിലൂടെയുള്ള ആശയ വിനിമയം എൻ‌ക്രിപ്റ്റഡ് ആയതിനാൽ ഇവ സമ്പൂർണ്ണമായും പൊതു നെറ്റ്വര്‍ക്കുകളില്‍ പെടാത്തതും അതുവഴി ഒരു രാജ്യത്ത് നിരോധിച്ച സൈറ്റുകള്‍ കാണുവാനും സാധിക്കും.