ന്യൂയോര്‍ക്ക്: ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണില്‍ കൃഷി ചെയ്യുന്ന പച്ചക്കറി മനുഷ്യന് പ്രശ്നമുണ്ടാക്കില്ലെന്ന് പഠനം. നെതര്‍ലാന്‍റിലെ വാഗനിംഗന്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. മുള്ളങ്കി, പയര്‍, തക്കാളി, ചീര തുടങ്ങിയ അഞ്ചോളം പച്ചക്കറികളാണ് ചൊവ്വയുടെയും, ചന്ദ്രന്‍റെയും മണ്ണിന് സമാനമായ അവസ്ഥയില്‍ ഇവര്‍ വളര്‍ത്തിയത്. നാസയാണ് തങ്ങളുടെ ഗവേഷണത്തിലൂടെ ചൊവ്വയ്ക്കും, ചന്ദ്രനും സമാനമായ മണ്ണ് രൂപം നല്‍കി സര്‍വകലാശാല ഗവേഷകര്‍ക്ക് നല്‍കിയത്.

ഏപ്രില്‍ 2015 മുതല്‍ ഒക്ടോബര്‍ 2015 വരെയാണ് ഇത് സംബന്ധിച്ച ഗവേഷണം നടന്നത്. ഏതാണ്ട് പത്തോളം ഇനങ്ങളാണ് കൃഷിയില്‍ പരീക്ഷിച്ചത്. തങ്ങളുടെ ഗവേഷങ്ങളുടെ അടിസ്ഥാനത്തില്‍ ഹവാനയിലെ ഒരു അഗ്നിപര്‍വ്വതത്തില്‍ നിന്നും എടുത്ത മണ്ണും, ചന്ദ്രനില്‍ നിന്ന് എടുത്ത മണ്ണും കൂട്ടിച്ചേര്‍ത്താണ് ചൊവ്വയിലെ മണ്ണിന്‍റെ എകദേശ രൂപം നാസ വികസിപ്പിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ ഗ്ലാസ് ഹൗസിലാണ് കൃഷി. 

മാര്‍ഷ്യന്‍ എന്ന അടുത്തിടെ ഹിറ്റായ ഹോളിവുഡ് ചിത്രത്തില്‍ ചൊവ്വയില്‍ കൃഷി ഇറക്കുന്ന ബഹിരാകാശ ശാസ്ത്രകാരന്‍റെ കഥയാണ് പറഞ്ഞത്. ഇതിന്‍റെ ചുവട് പിടിച്ചായിരുന്നു ഗവേഷണം. 2030 ഓടെ മനുഷ്യനെ ചൊവ്വയില്‍ ഇറക്കാം എന്ന് നാസ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ ഗവേഷണഫലം ഡച്ച് യൂണിവേഴ്സിറ്റി അധികൃതര്‍ പുറത്തുവിട്ടത്.

വിളവെടുത്ത പച്ചക്കറികള്‍ ഒരു തരത്തിലുള്ള മനുഷ്യന് പ്രശ്നം ഉണ്ടാക്കുന്നില്ലെന്ന പറഞ്ഞ ശാസ്ത്രകാരന്മാര്‍ അത് മാധ്യമങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ചൊവ്വയിലും മറ്റും മനുഷ്യന് കോളനികള്‍ സൃഷ്ടിക്കുമ്പോള്‍ ഏതു തരത്തില്‍ ഭക്ഷണം ഉത്പാദിപ്പിക്കാം എന്നതാണ് പ്രധാന വെല്ലുവിളിയായി ശാസ്ത്രലോകം വിലയിരുത്തുന്നത്. ആ വെല്ലുവിളി നേരിടാനുള്ള വിജയകരമായ ഒന്നാം സ്റ്റെപ്പാണ് ഇതെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ദി മാര്‍ഷ്യന്‍- സിനിമയിലെ കൃഷി രംഗം