ഇരട്ട സെല്‍ഫി ക്യാമറകളുള്ള വി5 പ്ലസ് മോഡല്‍ ഫോണ്‍ വിവോ ഇന്ത്യയില്‍ പുറത്തിറക്കി. 27,980 രൂപയാണ് ഈ ഫോണിന്റെ വില. ഇന്ത്യയിലെ വിവോ ഔട്ട്‌ലെറ്റുകളില്‍ ജനുവരി 31 മുതല്‍ ഈ ഫോണ്‍ വാങ്ങാനാകും. വൈറ്റ്-ഗോള്‍‍ഡ് കളര്‍ കോംബിനേഷനിലാണ് ഈ ഫോണ്‍ ലഭ്യമാകുക. രണ്ടു സെല്‍ഫി ക്യാമറകളാണ് ഈ ഫോണിന്റെ മുഖ്യ സവിശേഷത. ഇതില്‍ ഒന്ന് സോണി സെന്‍സറോടുകൂടിയ 20 മെഗാപിക്‌സല്‍ ക്യാമറയും മറ്റൊന്ന് എട്ട് മെഗാപിക്‌സല്‍ ക്യാമറയുമാണ്. ബാക്ക് ക്യാമറ 16 മെഗാപിക്‌സലാണ്. ഒട്ടനവധി സവിശേഷതകളോട് കൂടിയ സെല്‍ഫി ക്യാമറകളാണ് ഈ ഫോണിനെ വേറിട്ടുനിര്‍ത്തുന്നത്. ഈ ഫോണില്‍ എടുക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ അനായാസം എഡിറ്റ് ചെയ്‌തു മനോഹരമാക്കാനാകുമെന്നതാണ് പ്രധാന പ്രത്യേകത. ഒക്‌ടാകോര്‍ രണ്ട് ഗിഗാഹെര്‍ട്സ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, നാല് ജിബി റാം, 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, 64 ജിബി സ്റ്റോറേജ്, 3055 എംഎഎച്ച് ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററി എന്നിവയാണ് പ്രധാനപ്പെട്ട മറ്റ് സവിശേഷതകള്‍. കണക്‌ടിവിറ്റി ഓപ്‌ഷനുകളായി 4ജി, ത്രീജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയുമുണ്ട്.