ദില്ലി: ജിയോയ്ക്കെതിരെ വോഡഫോണ്‍ കോടതിയിലേക്ക്. ദില്ലി ഹൈക്കോടതിയിലാണ് ജിയോയുടെ ഫ്രീ വോയ്സ് കോള്‍ ഓഫറിനെതിരെ വോഡഫോണ്‍ ഹര്‍ജി നല്‍കിയത്. റിലയന്‍സ് ജിയോയ്ക്ക് ഫ്രീകോളുകള്‍ നല്‍കാന്‍ ട്രായി അനുമതി നല്‍കിയതിന് എതിരെയാണ് വോഡഫോണ്‍ കോടതിയില്‍ എത്തിയത്. 

90 ദിവസത്തിന് ശേഷവും പ്രമോഷന്‍ ഓഫര്‍ തടരുന്ന റിലയന്‍ ജിയോ. ഐയുസി മാനദണ്ഡങ്ങളും, ട്രായിയുടെ താരീഫ് നിരക്ക് സംബന്ധിച്ച നിയമങ്ങളും തെറ്റിക്കുകയാണെന്ന് വോഡഫോണ്‍ ആരോപിക്കുന്നു. നേരത്തെ ഇത്തരത്തില്‍ ടെലികോം കമ്പനികള്‍ ട്രായിക്ക് നല്‍കിയ ജിയോയ്ക്കെതിരായ പരാതി ട്രായി തള്ളിയിരുന്നു.

അതേ സമയം വോഡഫോണിന്‍റെ ഹര്‍ജിയെ കോടതിയില്‍ എതിര്‍ത്ത റിലയന്‍സ് അഭിഭാഷകന്‍, വോഡഫോണിന്‍റെ വാദങ്ങള്‍ ട്രായി തള്ളിയതാണെന്നും. ഇതിന് എതിരെ ഏയര്‍ടെല്ലും ഐഡിയയും ടെലികോം തര്‍ക്കപരിഹാര ട്രെബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്നും, ഇതിനാല്‍ കേസ് പരിഗണിക്കരുതെന്ന് വാദിച്ചു. കേസില്‍ വാദം തുടരും.

അതേ സമയം റിലയന്‍സ് ജിയോയുടെ ഒരു വർഷത്തേക്കുള്ള പ്രഖ്യാപനങ്ങൾ വന്നതോടെ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചിരിക്കുകയാണ്. ഐഡിയ, ഏയര്‍ടെല്‍ അടക്കമുള്ള കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വൊഡഫോൺ എന്നിവയുടെ ഓഹരികള്‍ കൂപ്പുകുത്തിയത്.