ദില്ലി: ജിയോയെ നേരിടാന്‍ പുതിയ ഓഫറുകളുമായി വോഡാഫോണ്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. എയര്‍ടെല്ലിന് പിന്നാലെയാണ് വോഡാഫോണും പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 70 ദിവസത്തേക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമാണ് വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

244 രൂപയുടേതാണ് പുതിയ ഡാറ്റാ പ്ലാന്‍. വോഡാഫോണിന്‍റെ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഒരു ദിവസം 1ജിബി ഡാറ്റാ വീതം 70 ദിവസത്തേക്ക് ഉപയോഗിക്കാം. ഇതോടൊപ്പം പരിധികളില്ലാതെ വിളിക്കുകയും ചെയ്യാം. അതായത് ഒരു ദിവസം 3.5 രൂപയ്ക്ക് 1 ജിബി നെറ്റ് ലഭിക്കും.

എന്നാല്‍ പുതിയ ഉപഭോക്താക്കള്‍ ഈ ഓഫര്‍ രണ്ടാമതും ചെയ്യുമ്പോള്‍ ഓഫര്‍ കാലാവധി 35 ദിവസമായി ചുരുങ്ങുകയും ചെയ്യും. ജിയോ നല്‍കുന്ന ഡാറ്റാ ഓഫറുകള്‍ക്ക് തിരിച്ചടിയാണ് വോഡാഫോണ്‍ പുറത്തിറക്കിയ പുതിയ പ്ലാനുകള്‍.