ഒരേസമയം അനേകം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് വീഡിയോ കാഴ്‌ചക്കാരുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നത് അടക്കമുള്ള തട്ടിപ്പുകള്‍ നടത്തുന്നതിനെയാണ് ഫോണ്‍ ഫാമിംഗ് എന്ന് വിളിക്കുന്നത് 

തിരുവനന്തപുരം: ഒരു സെക്കന്‍ഡ്-ഹാന്‍ഡ് സ്‌മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റ് പോലെ തോന്നിക്കുന്ന മുറികള്‍, അവിടെ ഓണാക്കി വച്ചിരിക്കുന്ന അനേകം ഡിസ്‌പ്ലെകള്‍. എല്ലാ ഫോണുകളും പ്രവര്‍ത്തിപ്പിച്ചും നിരീക്ഷിച്ചും ഒന്നോ രണ്ടോ, ചിലപ്പോള്‍ അതിലധികമോ സൈബര്‍ കുതന്ത്രശാലികള്‍. ഒരേസമയം അനേകം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് വീഡിയോ വ്യൂവര്‍ഷിപ്പ് പെരുപ്പിച്ച് കാണിക്കുന്നത് അടക്കമുള്ള സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്ന ഫോണ്‍ ഫാമിംഗിന്‍റെ (Phone farming) പ്രവര്‍ത്തനരീതിയാണിത്. ചൈന, തായ്‌വാന്‍, തായ്‌ലന്‍ഡ് തുടങ്ങി പല രാജ്യങ്ങളിലും ‘ഫോണ്‍ ഫാമിംഗ്’ വഴി കോടികളുണ്ടാക്കുന്ന അനേകം നിഗൂഢ സംഘങ്ങളുണ്ട്. ഫോണ്‍ ഫാമിംഗിന്‍റെ അണിയറ കഥകള്‍ വിശദീകരിക്കുന്ന അനേകം വാര്‍ത്തകളും വീഡിയോകളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. എങ്കിലും എന്താണ് ഫോണ്‍ ഫാമിംഗ് എന്നും എന്തൊക്കെയാണ് ഫോണ്‍ ഫാമിംഗ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നും വിശദമായി നോക്കാം.

എന്താണ് ഫോണ്‍ ഫാമിംഗ്?

വീഡിയോ കാഴ്‌ചക്കാരുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നതടക്കമുള്ള സൈബര്‍ തിരിമറികള്‍ നടത്താനായി സജ്ജീകരിക്കുന്ന അനേകം മൊബൈല്‍ ഫോണുകളുടെ ഒരു നെറ്റ്‌വര്‍ക്കിനെയാണ് ഫോണ്‍ ഫാമിംഗ് എന്ന് വിളിക്കുന്നത്. 'മൊബൈല്‍ ഫാമിംഗ്' എന്നൊരു പേര് കൂടി ഇതിനുണ്ട്. ഈ ഫോണുകള്‍ക്ക് ഒരു ടാസ്‌ക് അല്ലെങ്കില്‍ പ്രത്യേക ചുമതല നല്‍കിയിരിക്കും. എന്തെങ്കിലും വീഡിയോയോ പരസ്യമോ കാണാനോ, അല്ലെങ്കില്‍ സര്‍വേകളില്‍ പങ്കെടുക്കാനോ, ഫോമുകള്‍ പൂരിപ്പിക്കാനോ ഒക്കെയായിരിക്കും ഫോണ്‍ ഫാമിംഗ് നെറ്റ്‌വര്‍ക്കിലെ മൊബൈല്‍ ഫോണുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ടാസ്‌ക്. ഒരു പരസ്യം സ്ട്രീമിങ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ഈ ഫോണുകളെല്ലാം ചേര്‍ന്ന് അവ കണ്ട് വലിയ വ്യൂവര്‍ഷിപ്പ് ആ പരസ്യത്തിന് നല്‍കും. അതായത് ഒരുതരം കണക്കുകള്‍ പെരുപ്പിക്കല്‍. വ്യൂവര്‍ഷിപ്പ് മാത്രമല്ല, ആവശ്യപ്പെട്ടാല്‍ വീഡിയോകള്‍ക്ക് കമന്‍റുകളും റിയാക്ഷനുകളുമെല്ലാം ഈ മൊബൈല്‍ ഫോണുകള്‍ ഏറ്റെടുത്ത് ചെയ്യും. ഇതിനെല്ലാം മേല്‍നോട്ടം വഹിക്കാന്‍ ഒരാളോ ഒരു സംഘമോ ഉണ്ടാകും. ഇത്തരത്തില്‍ വ്യൂവര്‍ഷിപ്പ് കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണ് ഫോണ്‍ ഫാമിംഗ് സംഘങ്ങളുടെ പ്രധാന പണികളിലൊന്ന്.

എന്താണ് ഫോണ്‍ ഫാമിംഗ് എന്ന് ഇനി ലളിതമായ ഒരു ഉദാഹരണത്തിലൂടെ നമുക്ക് മനസിലാക്കാം. നിങ്ങളൊരു വീഡിയോ യൂട്യൂബ് പോലുള്ള ഏതെങ്കിലും സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുന്നു എന്ന് കരുതുക. നിങ്ങളുടെ വീഡിയോ കാണാനായി അനേകം സുഹൃത്തുക്കള്‍ക്ക് ലിങ്ക് അയച്ചുകൊടുക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ടാകും. എന്നാല്‍ ഇങ്ങനെ ആളുകള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്യുന്നതിനൊരു പരിധിയുണ്ട്. വീഡിയോ കാണാനായി അനേകം പേര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കുകയൊന്നും പ്രായോഗികവുമല്ല. അതിന് പകരം, വീഡിയോ കാണാനും കമന്‍റുകളും റിയാക്‌ഷനുകളും രേഖപ്പെടുത്താനും ഏതെങ്കിലുമൊരു കമ്പനിയെ ഏല്‍പ്പിച്ചാലോ! അതാണ് ഫോണ്‍ ഫാമിംഗ് കമ്പനികള്‍ ഏറ്റെടുത്ത് ചെയ്യുന്നത്. വീഡിയോ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ പലരും തെരഞ്ഞെടുക്കുന്ന ഈ കുറുക്കുവഴിയാണ് ഫോണ്‍ ഫാമിംഗ്. ഇത്തരം ഫോണ്‍ ഫാമിംഗ് കമ്പനികളെ ഏല്‍പിച്ചാല്‍ അവര്‍ നിരത്തിവച്ചിരിക്കുന്ന ഡസണ്‍കണക്കിന് അല്ലെങ്കില്‍ നൂറുകണക്കിന് മൊബൈല്‍ ഡിവൈസുകള്‍ വഴി ആ വീഡിയോ കാണും, അതിലൂടെ കാഴ്‌ചക്കാരുടെ എണ്ണം പെരുപ്പിച്ചുകാട്ടും. ഇതാണ് ഫോണ്‍ ഫാമിംഗിന്‍റെ പ്രവര്‍ത്തനരീതി.

ഫോണ്‍ ഫാമിംഗ് പ്രവര്‍ത്തനരീതികള്‍

നേരത്തെ സൂചിപ്പിച്ചതുപോലെ ചൈന, തായ്‌വാന്‍, തായ്‌ലന്‍ഡ് പോലുള്ള സ്ഥലങ്ങളിലാണ് പ്രധാനമായും ഫോണ്‍ ഫാമിംഗ് നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് മൊബൈല്‍ ഡിവൈസുകള്‍ വരെയാണ് ഈ സംഘങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടാവുക. വിലകുറഞ്ഞ സ്‌മാര്‍ട്ട്‌ഫോണുകളാണ് ഈ പ്രവര്‍ത്തനത്തിനായി സൈബര്‍ വീരന്‍മാര്‍ ഉപയോഗിക്കുന്നത്. ഏറെ ഗാഡ‍്‌ജറ്റുകള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ ഫോണുകള്‍ തണുപ്പിക്കാനുള്ള കൂളിംഗ് സംവിധാനം വരെ ഒരുക്കിയാണ് ഫോണ്‍ ഫാമിംഗ് സംഘങ്ങളുടെ പ്രവര്‍ത്തനം. വൈദ്യുത തടസം ഒഴിവാക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും. എന്നാല്‍ ഇതൊരു പഴഞ്ചന്‍ സംവിധാനമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ന്യൂജന്‍ സൈബര്‍ തട്ടിപ്പ് വീരന്‍മാര്‍ ക്ലൗഡ് സാങ്കേതികവിദ്യകളില്‍ അധിഷ്‌ഠിതമായ വെര്‍ച്വല്‍ ഫോണുകളും എമുലേറ്ററുകളും ഉപയോഗിച്ചാണ് ഫോണ്‍ ഫാമിംഗ് നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത്തരം ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സോഫ്റ്റ്‌വെയറുകള്‍ പോലുമുണ്ട് എന്നതാണ് അത്ഭുതകരം. ഫോണ്‍ ഫാമിംഗ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ പ്രോക്‌സികളും വിപിഎന്നുകളും ഉപയോഗിക്കുന്നു എന്നതിനാല്‍ എല്ലാ ഡിവൈസുകളിലും വ്യത്യസ്‌ത ഐപി വിലാസങ്ങള്‍ കാണിക്കും. ഇതിലൂടെയാണ് ഓരോ ഫോണിലെയും കാഴ്‌ചയും വ്യത്യസ്‌ത വ്യൂവര്‍ഷിപ്പായി രേഖപ്പെടുത്തപ്പെടുന്നത്.

രഹസ്യവും പരസ്യവുമായ പ്രവര്‍ത്തനം

ഏറെ സൈബര്‍ തട്ടിപ്പുകള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നു എന്നതിനാല്‍ ഫോണ്‍ ഫാമിംഗിനെ ഗുരുതര സൈബര്‍ കുറ്റകൃത്യമായാണ് പല രാജ്യങ്ങളും കണക്കാക്കുന്നത്. ചെറിയ തുക മുതല്‍ ദശലക്ഷക്കണക്കിന് രൂപ വരെയാണ് വീഡിയോ വ്യൂവര്‍ഷിപ്പ് കൂട്ടാനടക്കമുള്ള ജോലികള്‍ക്ക് ഫോണ്‍ ഫാമിംഗ് സംഘങ്ങള്‍ ഈടാക്കുന്നത്. ഫോണ്‍ ഫാമിംഗിംഗ് വഴി പണം വാരുന്നവരുണ്ടെന്ന് ചുരുക്കം. ഡാര്‍ക് വെബുകള്‍ വഴിയും മറ്റ് രഹസ്യ സംവിധാനങ്ങള്‍ വഴിയും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാന്‍ ക്രിപ്റ്റോ പോലുള്ള കറന്‍സികള്‍ വഴിയാണ് ഫോണ്‍ ഫാമിംഗ് സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍. എന്നാല്‍ പരസ്യ മാര്‍ക്കറ്റ് പോലെ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഫാമിംഗ് സംഘങ്ങളുമുണ്ട് എന്നതാണ് ഏറ്റവും വിചിത്രം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്