ന്യൂയോര്‍ക്ക്: അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കെതിരെ വന്‍ വെളിപ്പെടുത്തലുമായി വിക്കിലീക്സ് രംഗത്ത്. സ്മാര്‍ട്ട് ടിവികളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ അമേരിക്കന്‍ ചാര സംഘടന നടത്തുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് വിക്കിലീക്സ് പുറത്തുവിട്ടത്. ആരുടെ സ്വീകരണമുറിയിലെ ടിവിയും ഹാക്ക് ചെയ്യാന്‍ സിഐഎയ്ക്ക് സാധിക്കുമെന്ന് വിക്കിലീക്സ് വെളിപ്പെടുത്തുന്നു.

ടിവിക്ക് പുറമേ സിഐഎയുടെ മൊബൈല്‍ ഡിവൈസ് ഡിവിഷന്‍ വികസിപ്പിച്ചെടുക്കു സൈബര്‍ ആക്രമണ രീതികള്‍ ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകള്‍ എന്നിവയെയും ലക്ഷ്യമിടുന്നുവെന്ന് വിക്കിലീക്സ് പറയുന്നു. ഇതിനായി അമേരിക്കന്‍ ചാരസംഘടനയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഡിഡിറ്റല്‍ ഇനവേഷന് കീഴില്‍ എഞ്ചിനീയേര്‍സ് ഡെവലപ്പ്മെന്‍റ് ഗ്രൂപ്പ് (ഇഡിജി), സെന്‍റര്‍ ഫോര്‍ സൈബര്‍ ഇന്‍റലിജന്‍സ് എന്നീ വിഭാഗങ്ങള്‍ ഉണ്ടെന്നാണ് വിക്കിലീക്സ് പറയുന്നു. ഇവരുടെ സംയോജനത്തിലൂടെയാണ് ഒരോ സിഐഎ സ്പോണ്‍സേര്‍ഡ് സൈബര്‍ ആക്രമണവും നടക്കുന്നതെന്നാണ് വിക്കിലീക്സ് വെളിപ്പെടുത്തല്‍.

സ്മാര്‍ട്ട് ടിവികളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനം വികസിപ്പിച്ചത് സിഐഎയുടെ എംബഡഡ് ഡിവൈസ് ബ്രാഞ്ചാണ്. കരയുന്ന മാലഖ (Weeping Angel)എന്നാണ് ഈ സംവിധാനത്തിന്‍റെ പേര്. ഈ സംവിധാനം ഒരു സ്മാര്‍ട്ട് ടിവിയെ മൈക്രോഫോണാക്കി പോലും മാറ്റുമെന്നോക്കെയാണ് വിക്കിലീക്സ് അവകാശവാദം. ടെലിവിഷന്‍ ഓഫായി കിടക്കുന്നത് പോലെ വയ്ക്കാന്‍ വീപ്പിംഗ് എയ്ഞ്ചലിന് സാധിക്കുമെന്നാണ് വിക്കിലീക്സ് പറയുന്നത്. 

ഇത്തരത്തിലുള്ള ഒരു സംവിധാനം ഐഫോണിലും സിഐഎ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ സാംസങ്ങ്, എച്ച്ടിസി പോലുള്ള വന്‍കിട കമ്പനികളുടെ ഉത്പന്നങ്ങളും സിഐഎയ്ക്ക് എളുപ്പം കടന്നുകയറാവുന്ന രീതിയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.