തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ടയിലും ശബരിമലയിലും താപനില 20–21 ഡിഗ്രിയായിരുന്നു. എന്നാൽ മൂന്നാർ ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിലും ഹൈറേഞ്ചിലും താപനില മൂന്നു ഡിഗ്രിയായി എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന് പുറമേ ടൂറിസ്റ്റ് സ്പോട്ടുകളായ ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാൽപ്പാറയിൽ 5 ഡിഗ്രിയുമാണ്.  രാവിലെ മഞ്ഞ് മൂടിയ അവസ്ഥയിലാണ് സംസ്ഥാനത്തിന്‍റെ മിക്കവാറും പ്രദേശങ്ങളും എന്നാണ് റിപ്പോര്‍ട്ട്.

സമീപ വര്‍ഷങ്ങളില്‍ ഒന്നും ഇത്തരം തണുപ്പ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ ഈ പ്രതിഭാസത്തില്‍ അസാധാരണമായി ഒന്നും ഇല്ലെന്നാണ് സംസ്ഥാന കാലവസ്ഥ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നത്. എന്നാല്‍ അഫ്ഗാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ രൂപമെടുക്കുന്ന പടിഞ്ഞാറന്‍ കാറ്റാണ് ഇപ്പോഴത്തെ അതിശൈത്യത്തിന് പ്രധാന കാരണം എന്നാണ് ഇവര്‍ പറയുന്നത്.

സാധാരണ വടക്കേ ഇന്ത്യയില്‍ മാത്രം വീശിയടിക്കാറുള്ള ഈ കാറ്റ് ഇത്തവണ തെക്കന്‍ സംസ്ഥാനങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്. ഒപ്പം പശ്ചിമഘട്ടത്തിലെ പര്‍വ്വതനിരകളിലെ വരണ്ട കാറ്റിനെ ഇത് ആഗീരണം ചെയ്യുന്നതും തണുപ്പ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു.

മഴ മേഘങ്ങൾ അകന്ന് ആകാശം തെളിഞ്ഞതോടെ പടിഞ്ഞാറന്‍ കാറ്റിന്‍റെ വ്യാപനത്തിന് അനുകൂല കാലവസ്ഥ സൃഷ്ടിക്കപ്പെട്ടു. അതേ സമയം ബംഗാള്‍ ഉള്‍ക്കടലിലും മറ്റും രൂപം കൊള്ളുന്ന ന്യൂനമർദം കേരളത്തിൽ വലിയ മഴയായി എത്തുന്നില്ലെന്നതും തണുപ്പ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി.