വാട്‌സ്ആപ്പ് ഐഒഎസ് പതിപ്പിൽ പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ അപ്ഡേറ്റിലൂടെ ചാറ്റ് ബാറും നാവിഗേഷൻ ബാറും സുതാര്യമാവുകയും, ആപ്പിന് പുതിയ ദൃശ്യാനുഭവം നൽകുകയും ചെയ്യും. ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, വൈകാതെ തന്നെ ഉപയോക്താക്കളിലേക്ക് എത്തും.

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് ഐഒഎസ് പതിപ്പിൽ പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ആപ്പിന്‍റെ ചില ഭാഗങ്ങളിൽ ഇതിനകം ഈ പുതിയ രൂപകൽപ്പനയുടെ ഘടകങ്ങൾ കാണിച്ചുതുടങ്ങിയിട്ടുണ്ട്. എങ്കിലും ചാറ്റ് സ്‌ക്രീൻ ഇപ്പോഴും പഴയ രൂപത്തിലാണ് തുടരുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ ചാറ്റ് ഇന്‍റർഫേസിലും ഈ മാറ്റങ്ങൾ വ്യാപിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ.

ഗ്ലാസ് പോലെ സുതാര്യമായ വാട്‌സ്ആപ്പ് ഇന്‍റര്‍ഫേസ്

റിപ്പോർട്ടുകൾ പ്രകാരം ചാറ്റ് ബാർ താഴെ തന്നെ തുടരുകയും എന്നാൽ ഇതൊരു ഫ്ലോട്ടിംഗ് ഇലമെന്‍റായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഗ്ലാസ് പോലുള്ള സുതാര്യമായ രൂപകൽപ്പന ഉപയോഗിച്ച് പശ്ചാത്തലത്തിലുള്ള ചാറ്റ് വാൾപേപ്പർ ഭാഗികമായി പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും ഡിസൈൻ. ഇതിലൂടെ ഇന്‍റർഫേസിന് കൂടുതൽ ആഴവും ഭംഗിയും ലഭിക്കും. കൂടാതെ, പുതിയ മെസേജിലേക്ക് പെട്ടെന്ന് പോകാനുള്ള ബട്ടൺ പോലുള്ള നിയന്ത്രണങ്ങളും പുതുക്കിയ രൂപത്തിൽ അവതരിപ്പിക്കുമെന്നും സൂചനകൾ ഉണ്ട്.

നാവിഗേഷൻ ബാറിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ഭാഗികമായി സുതാര്യമായി മാറുകയും ചാറ്റ് ഉള്ളടക്കവും വാൾപേപ്പറും പിന്നിൽ കാണാവുന്ന രീതിയിലും ആയിരിക്കും. വായനാസൗകര്യം നിലനിർത്താൻ ചെറിയ ബ്ലർ അല്ലെങ്കിൽ ഫേഡ് ഇഫക്റ്റുകൾ ചേർക്കാനും സാധ്യതയുണ്ട്. ഇത് മുഴുവൻ ആപ്പിലും ഏകീകൃതമായ ഒരു അനുഭവം നൽകുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. അതേസമയം, ഈ പുതിയ ഡിസൈൻ ഇപ്പോഴും വികസനഘട്ടത്തിലാണ്. എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമല്ല. കൂടാതെ ചാറ്റ് സ്‌ക്രീനിലേക്ക് ഇത് പൂർണ്ണമായും എത്തിച്ചേരുകയും ചെയ്തിട്ടില്ല. പെർഫോമൻസും ഉപയോഗ സൗകര്യവും പരിശോധിച്ച ശേഷമായിരിക്കും ഈ ഫീച്ചർ വ്യാപകമായി പുറത്തിറക്കുക.

കംപ്ലീറ്റ് റോള്‍ഔട്ട് ഉടന്‍

ഇതോടൊപ്പം, വോയിസ് നോട്ട് പ്ലെയർ പോലുള്ള മറ്റ് ഘടകങ്ങളും ഇതേ ഡിസൈൻ ശൈലിയിലേക്ക് മാറ്റാനുള്ള ശ്രമം തുടരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എല്ലാ ഘടകങ്ങളും തയ്യാറായതിന് ശേഷമേ പൂർണ്ണമായ അപ്ഡേറ്റ് പുറത്തിറക്കുകയുള്ളു. പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈൻ ആദ്യം ബീറ്റാ ഉപയോക്താക്കൾക്ക് ലഭ്യമാകുകയും പിന്നീട് പൊതുവായ അപ്ഡേറ്റായി എത്തുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വാട്‌സ്ആപ്പിന്‍റെ ദൃശ്യാനുഭവത്തിൽ ശ്രദ്ധേയമായ മാറ്റം വരുത്തുമെന്നതാണ് പൊതുവായ വിലയിരുത്തൽ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News