വാട്സ് ആപ്പിലെ കൈവിട്ട സന്ദേശങ്ങള്‍ എന്തുചെയ്യുമെന്നത് പലരെയും സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു അടുത്തകാലം വരെ. കൈവിട്ട മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വാട്സ് ആപ്പ് ഒരുക്കിയപ്പോള്‍ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു. അറിയാതെ സെന്‍ഡ് ആകുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് സമയ പരിധി ആദ്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിലും പരിഹാരം കണ്ടെത്താന്‍ വാട്സ് ആപ്പിന് സാധിച്ചിരുന്നു. ഇപ്പോഴിതാ കൈവിട്ട മെസേജുകള്‍ തനിയെ മായ്ക്കുന്നതിനുള്ള സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ് ആപ്പ്.

അയച്ച മെസേജുകൾ തനിയെ ഡിലീറ്റ് ആകുന്ന പുതിയ ഫീച്ചര്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന് വാട്സ് ആപ്പ് അധികൃതര്‍ വ്യക്തമാക്കി. അയച്ച മെസേജുകളെല്ലാം നിശ്ചിത സമയത്തിനുള്ളിൽ ഡിലീറ്റാകുന്ന 'ഡിസപ്പിയറിംഗ് മെസേജസ്' എന്ന സംവിധാനമാണ് അവതരിപ്പിക്കുന്നത്.

പരീക്ഷണം വിജയമായിരുന്നെന്നും ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകുമെന്നുമാണ് വ്യക്തമാകുന്നത്. രണ്ട് തരത്തിലുള്ള ടൈം ഓപ്ഷനുകളാകും ഉണ്ടാകുക. 5 മിനിട്ടും ഒരു മണിക്കൂറുമാകും സന്ദേശങ്ങള്‍ മാഞ്ഞുപോകാനുള്ള സമയ പരിധി. പിന്നീട് ഇതില്‍ മാറ്റം വരുത്താവുന്ന സംവിധാനം അവതരിപ്പിക്കപ്പെട്ടേക്കും.

നിലവിലുള്ള 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കപ്പെടുന്നതാകും പുതിയത്. മെസേജ് ഡിലീറ്റഡ് എന്ന് എഴുതിക്കാണിക്കുന്നത് ഒഴിവാക്കാന്‍ പുതിയ ഫീച്ചറിന് സാധിക്കും. സമയം സെറ്റ് ചെയ്ത് വച്ചാല്‍ അയക്കുന്ന മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകും. ഗ്രൂപ്പുകളുടെ കാര്യത്തില്‍ സന്ദേശങ്ങള്‍ എത്ര നേരം പ്രദർശിപ്പിക്കണമെന്ന് അഡ്മിൻമാർക്ക് തീരുമാനിക്കാം എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. 'ഡിസപ്പിയറിംഗ് മെസേജസ്' ഓഫ് ചെയ്യാനും സെറ്റ് ചെയ്യാനും സംവിധാനമുണ്ടാകും.