വാട്‌സ്ആപ്പ് ഐഒഎസ് ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനം അവതരിപ്പിച്ചു. പ്രതിമാസ പ്ലാനിൽ ലഭ്യമാകുന്ന ഈ സേവനം, പ്രത്യേക സ്റ്റിക്കറുകൾ, കൂടുതൽ പിൻ ചെയ്യാവുന്ന ചാറ്റുകൾ, പുതിയ ആപ്പ് ഐക്കണുകൾ തുടങ്ങിയ അധിക ഫീച്ചറുകൾ നൽകുന്നു. അതേസമയം, വാട്‌സ്ആപ്പിന്റെ അടിസ്ഥാന സേവനങ്ങൾ തുടർന്നും സൗജന്യമായിരിക്കും.
തിരുവനന്തപുരം: വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ് പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചതായി റിപ്പോർട്ട്. കൂടുതൽ വ്യക്തിഗത ക്രമീകരണങ്ങളും പ്രത്യേക ഫീച്ചറുകളും നൽകുന്ന ഈ സേവനം ഇപ്പോൾ ചില ഐഫോൺ ഉപയോക്താക്കൾക്കാണ് ലഭ്യമാകുന്നത്. അതേസമയം വാട്‌സ്ആപ്പിന്‍റെ മെസേജ്, വോയിസ് കോൾ, വീഡിയോ കോൾ സേവനങ്ങൾ പഴയപോലെ സൗജന്യമായിരിക്കും.

വാട്‌സ്ആപ്പ് പ്ലസ്: സവിശേഷതകള്‍
ഐഒഎസ് പതിപ്പ് 26.17.74 ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാകുന്നത് എന്നാണ് വാട്‌സ്‌ആപ്പ് ട്രാക്കറായ വാബീറ്റാ ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാട്‌സ്ആപ്പിന്‍റെ ‘സെറ്റിംഗ്‍സ്’ വിഭാഗത്തിൽ പ്രവേശിച്ച് ഉപയോക്താക്കൾക്ക് ഈ സബ്‍സ്‍ക്രിപ്ഷൻ ലഭ്യമാണോ എന്ന് പരിശോധിക്കാം. നിലവിൽ വാട്‌സ്ആപ്പ് മെസഞ്ചറിനായി മാത്രമാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് ഈ ഫീച്ചർ ലഭ്യമല്ല.
പ്രതിമാസ അടിസ്ഥാനത്തിലാണ് ഈ സബ്‍സ്‍ക്രിപ്ഷൻ പ്ലാൻ പ്രവർത്തിക്കുക. ഉപയോക്താവ് റദ്ദാക്കാത്ത പക്ഷം ഇത് ഓട്ടോമാറ്റിക്കായി അപ്‍ഡേറ്റ് ചെയ്യപ്പെടും. സബ്‍സ്‍ക്രിപ്ഷൻ ആവശ്യം ഇല്ലാത്തവർ അടുത്ത ബില്ലിംഗ് തീയതിക്ക് 24 മണിക്കൂർ മുമ്പ് സബ്‍സ്‍ക്രിപ്ഷൻ റദ്ദാക്കണം. സബ്‍സ്‍ക്രിപ്ഷൻ നിയന്ത്രിക്കാനും അവസാനിപ്പിക്കാനും ആപ്പ് സ്റ്റോർ ഉപയോഗിക്കാം. ചില ഉപയോക്താക്കൾക്ക് ഒരു ആഴ്ചയോ ഒരു മാസമോ സൗജന്യ ട്രയൽ ലഭിക്കാനും സാധ്യതയുണ്ട്. വാട്‌സ്ആപ്പ് പ്ലസിന്‍റെ പ്രതിമാസ നിരക്ക് യൂറോപ്പിലെ ചില രാജ്യങ്ങളിൽ 2.49 യൂറോ (ഏകദേശം 274 രൂപ) ആയി നിശ്ചയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വിവിധ രാജ്യങ്ങൾക്ക് അനുസരിച്ച് ഈ നിരക്കിൽ വ്യത്യാസം ഉണ്ടാകാം. കൂടുതൽ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനൊപ്പം നിരക്കിലും മാറ്റങ്ങൾ വരാനിടയുണ്ട്.
ആറ് പ്രീമിയം ഫീച്ചറുകള്‍ ലഭ്യമാകും
വാട്‌സ്ആപ്പ് പ്ലസിലൂടെ ഉപയോക്താക്കൾക്ക് ആറ് പ്രധാന പ്രീമിയം ഫീച്ചറുകളാണ് ലഭ്യമാകുന്നത്. പ്രത്യേക ആനിമേറ്റഡ് സ്റ്റിക്കർ പാക്കുകൾ, 18 വ്യത്യസ്‍ത ആക്‌സെന്‍റ് നിറങ്ങൾ, 14 പുതിയ ആപ്പ് ഐക്കണുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വൈബ്രന്‍റ് ബ്ലൂ, റോയൽ പർപ്പിൾ, ഫോറസ്റ്റ് ഗ്രീൻ, ബർഗണ്ടി, ഗോൾഡൻ യെല്ലോ തുടങ്ങിയ നിറങ്ങൾ ഉപയോഗിച്ച് ആപ്പിന്‍റെ രൂപഭംഗി ഇഷ്‍ടാനുസരണം മാറ്റാൻ സാധിക്കും. സാധാരണ മൂന്ന് ചാറ്റുകൾക്ക് പകരം വാട്‌സ്ആപ്പ് പ്ലസിൽ 20 ചാറ്റുകൾ വരെ പിൻ ചെയ്യാൻ സാധിക്കും. പ്രത്യേക ചാറ്റ് ലിസ്റ്റുകൾക്ക് ഒരേ തീം, നോട്ടിഫിക്കേഷൻ ടോൺ, റിംഗ്‌ടോൺ എന്നിവ ക്രമീകരിക്കാനും സാധിക്കും. ഫ്ലട്ടർ, ടെമ്പോ, റിപ്പിൾ, ക്വസ്റ്റ്, ഡ്രം, മർമർ, ഫ്ലക്‌സ്, മെഡോ, ബബിൾ, കാർണിവൽ എന്നിവ ഉൾപ്പെടെ 10 പ്രത്യേക റിംഗ്‌ടോൺ ഓപ്ഷനുകളും ലഭ്യമാണ്. ഭാവിയിലെ അപ്ഡേറ്റുകളിലൂടെ കൂടുതൽ പ്രീമിയം സവിശേഷതകൾ ഉൾപ്പെടുത്താനാണ് വാട്‌സ്ആപ്പിന്‍റെ പദ്ധതി എന്നാണ് റിപ്പോർട്ടുകൾ. സബ്സ്ക്രൈബ് ചെയ്യാത്ത ഉപയോക്താക്കൾക്കും നിലവിലെ സൗജന്യ സേവനങ്ങൾ തുടർന്നും ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.



