വാട്‍സ്ആപ്പ് പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു. ഐഒഎസിൽ നിന്ന് ആൻഡ്രോയിഡിലേക്കും തിരിച്ചും ചാറ്റുകൾ മാറ്റാനുള്ള സൗകര്യം, സ്റ്റോറേജ് നിയന്ത്രിക്കാനുള്ള പുതിയ ഓപ്ഷൻ, ഐഫോണിൽ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സംവിധാനം, എഐ അധിഷ്ഠിത ഫോട്ടോ എഡിറ്റിംഗ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഈ ഫീച്ചറുകൾ ഘട്ടംഘട്ടമായി ഉപയോക്താക്കൾക്ക് ലഭ്യമാകും.

കാലിഫോര്‍ണിയ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‍സ്ആപ്പ്, ഉപയോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ക്രോസ്-പ്ലാറ്റ്ഫോം ഉപയോഗം, സ്റ്റോറേജ് നിയന്ത്രണം, കൂടാതെ എഐ അധിഷ്‍ഠിത സൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ അപ്‍ഡേറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്.

വാട്‌സ്ആപ്പില്‍ നിരവധി പുത്തന്‍ ഫീച്ചറുകള്‍

ചാറ്റ് ട്രാൻസ്‍ഫർ സംവിധാനത്തിലെ പുരോഗതിയാണ് പുതിയ അപ്‌ഡേറ്റിൽ പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത്. ഇനി ഉപയോക്താക്കൾക്ക് ഐഒഎസിൽ നിന്ന് ആൻഡ്രോയ്‌ഡിലേക്കും, ആൻഡ്രോയ്‌ഡിൽ നിന്ന് ഐഒഎസിലേക്കും അവരുടെ ചാറ്റുകൾ എളുപ്പത്തിൽ മാറ്റാൻ സാധിക്കും. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, കമ്മ്യൂണിറ്റികൾ, ചാനൽ അപ്‌ഡേറ്റുകൾ, കോൾ ഹിസ്റ്ററി എന്നിവയ്‌ക്കൊപ്പം ഫോട്ടോകളും വീഡിയോകളും പുതിയ ഉപകരണത്തിലേക്ക് മാറ്റാൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.

സ്റ്റോറേജ് നിയന്ത്രണത്തിലും വാട്‍സ്ആപ്പ് പുതിയ സൗകര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ചാറ്റിനുള്ളിലും 'മാനേജ് സ്റ്റോറേജ്' എന്ന ഓപ്ഷൻ വഴി വലിയ ഫയലുകൾ കണ്ടെത്താനും അവ നീക്കം ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. ഇതിലൂടെ മുഴുവൻ ചാറ്റ് ഇല്ലാതാക്കാതെ മീഡിയ ഫയലുകൾ മാത്രം നീക്കം ചെയ്‌ത് ഫോൺ സ്റ്റോറേജ് ലഘൂകരിക്കാൻ സാധിക്കും. ഐഫോൺ ഉപയോക്താക്കൾക്കായി പുതിയതായി രണ്ട് അക്കൗണ്ടുകൾ ഒരേ ഫോണിൽ ഉപയോഗിക്കുന്ന സൗകര്യവും എത്തിച്ചേർന്നു. മുമ്പ് ആൻഡ്രോയ്‌ഡിൽ മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം ഇപ്പോൾ ഐഒഎസിലും ലഭ്യമാണ്. വ്യക്തിപരമായ ഉപയോഗത്തിനും ജോലി ആവശ്യങ്ങൾക്കുമായി രണ്ട് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ഇതിലൂടെ കൂടുതൽ എളുപ്പമാകും.

കൂടാതെ, എഐ അധിഷ്‍ഠിത ഫീച്ചറുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ചാറ്റിനുള്ളിൽ തന്നെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാകുന്നു. അനാവശ്യ ഘടകങ്ങൾ നീക്കം ചെയ്യുക, പശ്ചാത്തലം മാറ്റുക, സ്റ്റൈൽ ചേർക്കുക എന്നിവ ചെയ്യാൻ സാധിക്കും. റൈറ്റിംഗ് ഹെൽപ് ഫീച്ചർ ഉപയോഗിച്ച് സംഭാഷണത്തിന്‍റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി മറുപടി നിർദേശങ്ങളും ലഭിക്കും. ഈ പുതിയ ഫീച്ചറുകൾ ഇപ്പോൾ ഘട്ടംഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത ഏതാനും ആഴ്‌ചകളിൽ എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാകും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming