ഫോണില്‍ സ്റ്റോറേജ് സ്പേസ് ഇല്ല എന്ന പരാതിക്ക് പരിഹാരം, ഫയലുകള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ക്വാളിറ്റിയില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം, ഫോണ്‍ നിറയില്ല
കാലിഫോര്‍ണിയ: സ്‍മാർട്ട്‌ഫോണുകളില്‍ സ്റ്റോറേജ് സ്‌പേസ് ലാഭിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്‍സ്ആപ്പ് ഒരുങ്ങുന്നു. വാട്‍സ്ആപ്പിലെ മീഡിയ ഷെയറിംഗ് കാരണം നിരവധി ഉപയോക്താക്കൾ ഫോൺ സ്റ്റോറേജ് വേഗത്തിൽ നിറയുന്ന പ്രശ്‌നം നേരിടുന്നുണ്ട്. പ്രത്യേകിച്ച്, ഓട്ടോ-ഡൗൺലോഡ് ചെയ്ത എച്ച്‌ഡി ഫോട്ടോകളും വീഡിയോകളും പലരുടെയും ഫോണില്‍ സ്റ്റോറേജ് കുറയ്ക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് മീഡിയ ഫയലുകളുടെ റെസല്യൂഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന 'ഡൗൺലോഡ് ക്വാളിറ്റി' ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
വെറും ചാറ്റിംഗിന് അപ്പുറം ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള ഫയലുകള്‍ പങ്കിടുന്നതിനുള്ള ഒരു പ്രധാന ടൂൾ കൂടിയാണ് ഇന്ന് വാട്‍സ്ആപ്പ്. ഒന്നിലധികം സജീവ ഗ്രൂപ്പുകളിൽ അംഗങ്ങളായിരിക്കും ഇന്ന് ഒട്ടുമിക്ക വാട്‍സ്ആപ്പ് ഉപയോക്താക്കളും. പലർക്കും ഓരോ ദിവസവും ഡസൻ കണക്കിന് മീഡിയ ഫയലുകൾ ലഭിക്കുന്നു. ഉയർന്ന റെസല്യൂഷനുള്ള ഫയലുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുമ്പോൾ അത് ഫോൺ സ്റ്റോറേജ് ശേഷിയെ ബാധിക്കുന്നു. എച്ച്ഡി-ഗുണമേന്മയുള്ള ചിത്രങ്ങൾ അയയ്ക്കാൻ വാട്‍സ്ആപ്പ് ഇതിനകം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇവ ബൾക്കായി സ്വീകരിക്കുന്നത് പല സ്‍മാർട്ട്‌ഫോണുകളിലും സ്റ്റോറേജ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ ഫീച്ചര്‍ ആൻഡ്രോയ്‌ഡ് പതിപ്പ് 2.25.18.11-നുള്ള വാട്‍സ്ആപ്പ് ബീറ്റയിലാണ് കണ്ടെത്തിയിരിക്കുന്നത് എന്ന് വാട്‍സ്ആപ്പ് അപ്‌ഡേറ്റുകളുടെ ട്രാക്കറായ WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഇൻകമിംഗ് മീഡിയ ഫയലുകളുടെ ഗുണനിലവാരം എച്ച്‌ഡി അല്ലെങ്കിൽ എസ്‍ഡി തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്ഷൻ ഈ അപ്‌ഡേറ്റിലൂടെ ലഭിക്കും.
ഈ പുത്തന്‍ വാട്സ്ആപ്പ് ഫീച്ചര്‍ നിലവിൽ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. നിങ്ങൾ ബീറ്റാ ടെസ്റ്ററുകളിൽ ചേർന്നിട്ടുണ്ടെങ്കിൽ പുതിയ ഫീച്ചർ കണ്ടെത്താൻ ഈ നടപടികൾ സ്വീകരിക്കുക. ആദ്യം വാട്‍സ്ആപ്പ് സെറ്റിംഗ്സിലേക്ക് പോകുക. തുടർന്ന് സ്റ്റോറേജ് ആൻഡ് ഡാറ്റയിൽ ടാപ്പ് ചെയ്യുക, അവിടെ നിങ്ങൾക്ക് മീഡിയ ഓട്ടോ-ഡൗൺലോഡ് ക്വാളിറ്റി എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാം. ഇവിടെ നിന്നും എസ്‍ഡി അല്ലെങ്കിൽ എച്ച്‍ഡി നിലവാരത്തിൽ നിന്നും ഏതെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിലവിൽ, തിരഞ്ഞെടുത്ത ആൻഡ്രോയ്‌ഡ് ബീറ്റ ഉപയോക്താക്കളിൽ ഈ ഫീച്ചർ പരീക്ഷിച്ചുവരികയാണ്. പരീക്ഷണം വിജയമായാൽ എല്ലാ വാട്സ്ആപ്പ് ഉപഭോക്താക്കൾക്കുമായും ഈ ഫീച്ചർ കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലളിതവും എന്നാൽ ശക്തവുമായ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നൽകുകയും ഉപഭോക്താക്കളുടെ സ്‍മാർട്ട്ഫോണിന്‍റെ സ്റ്റോറേജ് ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.