ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് വഴി ഇനി എല്ലാ തരം ഫയലുകളും കൈമാറാന്‍ സാധിക്കും. നിലവില്‍ ഡോക്ക്, പിപിടി, പിഡിഎഫ്, ഡോക് എക്‌സ് ഫയല്‍ എന്നിവ മാത്രമാണ് വാട്ട്‌സ്ആപ്പില്‍ കൈമാറാന്‍ സാധിക്കുന്നത്. ഇതിന് പുറമേ അതോടൊപ്പം തന്നെ ഫോട്ടോയും വീഡിയോയും മറ്റും ക്വാളിറ്റി നഷ്ടപ്പെടാതെ അയക്കാനും സാധിക്കും. ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഇപ്പോഴുള്ളത്. 

അതുകൊണ്ട് തന്നെ തെരഞ്ഞെടുക്കപ്പെടുന്ന യൂസേഴ്‌സിന് മാത്രമെ ഈ അപ്‌ഡേറ്റ് ലഭിക്കുകയുള്ളു. ഓരോ പ്ലാറ്റ്‌ഫോമിലും അറ്റാച്ച് ചെയ്യാന്‍ പറ്റുന്ന പരമാവധി ഫയല്‍ സൈസിന് മാറ്റമുണ്ട്. ഐഒഎസില്‍ 128 എംബിയും ആന്‍ഡ്രോയിഡില്‍ 100 എംബിയുമാണ്. എന്നാല്‍, പുതിയ അപ്‌ഡേറ്റ് വന്നു കഴിയുമ്പോള്‍ വലിയ സൈസുളള ഫയല്‍ പോലും അറ്റാച്ച് ചെയ്യാന്‍ സാധിക്കും.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരമാവധി ഉള്‍പ്പെടുത്താന്‍ കഴിയുന്ന ആളുകളുടെ എണ്ണം 265 ആണ്. ഈ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭ്യമായിട്ടില്ല. ആദ്യകാലഘട്ടങ്ങളില്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നത് പരമാവധി 100 പേരെയാണ്. ഈ വര്‍ഷം ആദ്യമാണ് അത് 265 ആയി വാട്ട്‌സ്ആപ്പ് ഉയര്‍ത്തിയത്. അതോടൊപ്പം അയച്ച മെസേജുകള്‍ റീകോള്‍ ചെയ്യാനുള്ള ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്.