ദുബായ്: വാട്സ്ആപ്പ് ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് ഇതില്‍പ്പരം വലിയ സന്തോഷ വാര്‍ത്ത വരാനില്ല. കാരണം വാട്സ്ആപ്പ് വീഡിയോ, വോയ്സ് കോളുകള്‍ യുഎഇയില്‍ പ്രവര്‍ത്തനക്ഷമമായി എന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്സ്ആപ്പ് വിഡിയോ, വോയ്സ് കോളുകള്‍ക്ക് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനമുണ്ട്.

എന്നാല്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ഉപയോക്താക്കളുടെ ഫോണുകളില്‍ വാട്സ്ആപ്പ് വീഡിയോ-വോയ്സ് കോളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് യുഎഇ ടെലികോം അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

എത്തിസലാദ് നെറ്റ്‌വര്‍ക്കിലൂടെ വാട്സ്ആപ്പ് വീഡിയോ-വോയ്സ് കോളുകള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്നാണ് ഈ സൗകര്യം ഉപയോഗിച്ച ചില ഉപയോക്താക്കളുടെ അവകാശവാദം. നിലവില്‍ യുഎഇയിലെ ലൈസന്‍സുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കോ അവരുമായി സഹകരിക്കുന്നവര്‍ക്കോ മാത്രമേ വീഡിയോ-വോയ്സ് കോള്‍ സേവനങ്ങള്‍ നല്‍കാനും സ്വീകരിക്കാനുമുള്ള സൗകര്യം ഉപയോക്താക്കള്‍ക്ക് നല്‍കാനാകു.