അടുത്തിടെ വൈറ്റ് ഹൗസിൽ നടന്ന സ്റ്റാർഗേറ്റ് പ്രൊജക്‌ടിന്‍റെ ലോഞ്ച് വേളയിലാണ് ലാറി എലിസണ്‍ കാന്‍സര്‍ ചികിത്സ രംഗത്ത് എഐയുടെ പുത്തന്‍ സാധ്യത അനാവരണം ചെയ്‌തത്. എഐ ഉപയോഗിച്ച് കാൻസർ കണ്ടെത്തുക മുതൽ കസ്റ്റം വാക്സിൻ നിര്‍മിക്കുക വരെ 48 മണിക്കൂറിനുള്ളിൽ സാധ്യമാണെന്നാണ് ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസൺ വിശദമാക്കിയത്

ആരോഗ്യത്തിൻ്റെയും സാങ്കേതികവിദ്യയുടെയും ലോകത്തെ അടിമുടി മാറ്റിമറിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് (AI)സാധിക്കുമെന്ന് ഇപ്പോൾ ഒരു വലിയ അവകാശവാദം ഉയർന്നിരിക്കുന്നു. കേവലം 48 മണിക്കൂറിനുള്ളിൽ കാൻസർ രോഗനിർണയവും വാക്സിനേഷൻ പ്രക്രിയയും സാധ്യമാക്കും എന്നതാണ് ഈ അവകാശവാദം. ആഗോള ടെക്ക് ഭീമനായ ഒറാക്കിളിന്റെ സ്ഥാപകനും ചെയർമാനുമായ ലാറി എല്ലിസണാണ് കഴിഞ്ഞ ദിവസം ഈ അവകാശവാദം ഉന്നയിച്ചത്.

ലാറി എലിസന്റെ പേര് സാങ്കേതിക ലോകത്ത് അറിയപ്പെടുന്നത് അദ്ദേഹത്തിൻ്റെ കമ്പനിയായ ഒറാക്കിളിലൂടെ മാത്രമല്ല. അസാധാരണമായ ജീവിതയാത്രയ്ക്കും വമ്പൻ വിജയത്തിനും ഏറെ പ്രശസ്തനാണ് എല്ലിസൻ. 80 കാരനാണ് ഒറാക്കിളിന്‍റെ തലവനായ എല്ലിസൺ. എഐ ക്യാൻസർ വാക്സിൻ അവകാശവാദം ഉയർത്തിയതു മുതൽ അദ്ദേഹം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ലാറി എലിസൺ ആരാണെന്ന് അറിയാം.

ആരാണ് ലാറി എല്ലിസൺ?

1944 ഓഗസ്റ്റ് 17 ന് ന്യൂയോർക്കിലാണ് ലാറി എലിസൺ ലോറൻസ് ജോസഫ് എലിസൺ ജനിച്ചത്. അദ്ദേഹത്തിന്‍റെ അമ്മ അവിവാഹിതയായിരുന്നു. എലിസണെ അമ്മയുടെ അമ്മായിയും അമ്മാവനും ദത്തെടുത്തു. അദ്ദേഹത്തിൻ്റെ കുട്ടിക്കാലം ചിക്കാഗോയിലെ സൗത്ത് ഷോർ ഏരിയയിലായിരുന്നു. പക്ഷേ ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കുട്ടിക്കാലത്ത് അദ്ദേഹത്തിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നിരുന്നു.

മഹാമാന്ദ്യകാലം ലാറി എലിസന്‍റെ ജീവിതം കൂടുതൽ ദുഷ്‍കരമാക്കി. എന്നാൽ ഈ പ്രയാസകരമായ സമയം ലാറിയുടെ ഉള്ളിൽ വലിയ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം സൃഷ്‍ടിച്ചു. ചെറുപ്പം മുതൽ പഠനത്തോട് അത്യധികം താൽപ്പര്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ ഇല്ലിനോയിസ് സർവകലാശാലയിൽ പഠിക്കുമ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു അദ്ദേഹത്തിന്. വളർത്തമ്മയുടെ മരണത്തെത്തുടർന്നായിരുന്നു രണ്ടാം വർഷത്തിനുശേഷം അവസാന പരീക്ഷ എഴുതാതെ പഠനം ഉപേക്ഷിക്കേണ്ടിവന്നത്. അതിനുശേഷം, അദ്ദേഹം ചിക്കാഗോ സർവകലാശാലയിൽ ചേർന്നു. അവിടെവച്ച് ലാറി ആദ്യമായി കമ്പ്യൂട്ടർ ഡിസൈനിൻ്റെയും പ്രോഗ്രാമിംഗിൻ്റെയും ലോകം തിരിച്ചറഞ്ഞു. അക്ഷരാർത്ഥത്തിൽ ഇവിടെ നിന്നാണ് ലാറി എല്ലിസന്‍റെ സാങ്കേതിക യാത്ര ആരംഭിക്കുന്നത്.

ഒറാക്കിളിൻ്റെ തുടക്കവും വിജയഗാഥയും

ലാറി എലിസൺ 1977 ൽ സോഫ്റ്റ്‌വെയർ കമ്പനിയായ ഒറാക്കിൾ കോർപ്പറേഷൻ സ്ഥാപിച്ചു. "ഒറാക്കിൾ" എന്ന രഹസ്യനാമത്തിൽ സിഐഎയ്ക്ക് വേണ്ടി ഒരു ഡാറ്റാബേസ് ഉണ്ടാക്കുക എന്നതായിരുന്നു പ്രാരംഭ പദ്ധതി. ഈ പേര് പിന്നീട് കമ്പനിയുടെ പേരായി മാറി. ഡാറ്റാബേസ് സോഫ്‌റ്റ്‌വെയറിലും ക്ലൗഡ് കമ്പ്യൂട്ടിംഗിലും കമ്പനി ആഗോള നേതാവായി ഉയർന്നു. ഇന്ന്, ഡാറ്റാബേസ് മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, എൻ്റർപ്രൈസ് സോഫ്‌റ്റ്‌വെയർ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായി ഒറാക്കിൾ വളർന്നു. ഇന്ന്, മിക്കവാറും എല്ലാ പ്രമുഖ വ്യവസായങ്ങളും ഒറാക്കിളിൻ്റെ സേവനങ്ങൾ ഉപയോഗിക്കുന്നു. സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയിലും ക്ലൗഡ് സേവനങ്ങളിലും കമ്പനി മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഒരു ചെറിയ സ്റ്റാർട്ടപ്പിൽ നിന്നും ഒരു മൾട്ടിനാഷണൽ കമ്പനിയായി എലിസൺ അതിനെ മാറ്റി. ഒറാക്കിൾ 2010-ൽ സൺ മൈക്രോസിസ്റ്റംസ് ഉൾപ്പെടെ നിരവധി കമ്പനികളെ ഏറ്റെടുത്തു. ഈ ഏറ്റെടുക്കൽ MySQL ഓപ്പൺ സോഴ്‌സ് ഡാറ്റാബേസിനെ ഒറാക്കിളിൻ്റെ നിയന്ത്രണത്തിലാക്കി.

ടെക്ക് ഭീമന്‍റെ ഹോബികൾ

ലാറി എലിസൺ ഒരു ടെക്ക് ഭീമൻ മാത്രമല്ല, വേറിട്ട ജീവിതശൈലിയിലും ഹോബികളിലും പ്രശസ്‍തനുമാണ്. 2012-ൽ അദ്ദേഹം ഹവായിയൻ ദ്വീപായ ലനായി വാങ്ങി. ബോട്ട് റേസിംഗ്, വിമാനം പറത്തൽ, ടെന്നീസ് കളിക്കൽ, ഗിറ്റാർ വായിക്കൽ തുടങ്ങിയവ എലസന്‍റെ ഇഷ്‍ട ഹോബികളാണ്. ഇതുകൂടാതെ ടെസ്‌ല, സെയിൽസ്‌ഫോഴ്‌സ് തുടങ്ങിയ കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. സിലിക്കൺ വാലിയിലെ എലിസന്‍റെ നേട്ടങ്ങൾ അദ്ദേഹത്തെ ഒരു ഐക്കൺ ആക്കി മാറ്റി.

കപ്പൽയാത്രയോടുള്ള അഭിനിവേശവും അദ്ദേഹത്തെ പ്രസ്‍സ്‍തനാക്കുന്നു. നിരവധി വിദേശ കാറുകൾ, യാച്ചുകൾ, സ്വകാര്യ ജെറ്റുകൾ എന്നിവയുടെ ഉടമസ്ഥതയുമാണ് എലിസൻ. ഒറാക്കിൾ ടീം യുഎസ്എയിലൂടെ യാച്ചിംഗിൽ മത്സരിക്കുന്ന അദ്ദേഹം 2010-ൽ 33-ാമത് അമേരിക്കയുടെ കപ്പ് നേടി. 2019-ൽ എലിസൺ സെയിൽജിപി ഇൻ്റർനാഷണൽ റേസിംഗ് സീരീസ് സ്ഥാപിച്ചു. അദ്ദേഹത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സൈനിക പിന്തുണ തുടങ്ങിയ വിവിധ സംഭാവനകൾ ഉൾപ്പെടുന്നു. ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിൽ ലോറൻസ് ജെ. എല്ലിസൺ മസ്‌കുലോ-സ്‌കെലിറ്റൽ റിസർച്ച് സെൻ്റർ അദ്ദേഹം സ്ഥാപിക്കുകയും ക്യാൻസർ ഗവേഷണത്തിനായി 200 മില്യൺ ഡോളർ സതേൺ കാലിഫോർണിയ സർവകലാശാലയ്ക്ക് സംഭാവന ചെയ്യുകയും ചെയ്തു.

'വെറും 48 മണിക്കൂറിനുള്ളില്‍ കാന്‍സര്‍ കണ്ടെത്തി വാക്‌സിന്‍ നിര്‍മിക്കാം'; എഐയെ കുറിച്ച് ലാറി എലിസണ്‍

സാങ്കേതിക വ്യവസായത്തിന് നൽകിയ സംഭാവനകൾക്ക് എലിസണിന് നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 1997-ൽ അമേരിക്കൻ അക്കാദമി ഓഫ് അച്ചീവ്‌മെൻ്റിൻ്റെ ഗോൾഡൻ പ്ലേറ്റ് അവാർഡ് ലഭിച്ചു. 2013-ൽ അദ്ദേഹത്തെ ബേ ഏരിയ ബിസിനസ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. 2019-ൽ യു.എസ്.സി.യിലെ ലോറൻസ് ജെ. എല്ലിസൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമേറ്റീവ് മെഡിസിൻ ആദ്യ റെബൽസ് വിത്ത് എ കോസ് അവാർഡ് നൽകി ആദരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം