ബിയജിംഗ്: ആപ്പിള്‍ അമേരിക്കയ്ക്ക് പുറത്ത് നടത്തുന്ന ഏറ്റവും വലിയ ടെക്നോളജി ഇതര നിക്ഷേപം ചൈനയില്‍. 100 കോടി അമേരിക്കന്‍ ഡോളറാണ് ചൈനീസ് ടാക്സി സര്‍വ്വീസായ ദിദിയില്‍ ആപ്പിള്‍ നിക്ഷേപം പ്രഖ്യാപിച്ചത്. ആപ്പിളിന്‍റെ പ്രഖ്യാപനം ടെക് ലോകത്തെയും ബിസിനസ് ലോകത്തെയും ഒരു പോലെ അമ്പരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ആപ്പിള്‍ സെല്‍ഫ് ഡ്രൈവിങ്ങ് കാറുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ഇറങ്ങുന്നതുമായി പുതിയ നിക്ഷേപത്തിന് ബന്ധമുണ്ടെന്നാണ് ഒരു വിഭാഗം ടെക് വിദഗ്ധരുടെ വാദം. എന്നാല്‍ ആപ്പിള്‍ പ്രോഡക്ടുകള്‍ക്ക് ചൈനയില്‍ വില്‍പ്പന ഇടിവ് സംഭവിക്കുമ്പോള്‍ പുതിയ വഴി തേടുകയാണ് ആപ്പിള്‍ ഈ നിക്ഷേപത്തിലൂടെ എന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ സാമ്പത്തിക ഗവേഷക സ്ഥാപനമായ മൂര്‍ ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ അനാലിസ്റ്റ് പാട്രിക്ക് മൂര്‍ ഹെഡ്ഡിന്‍റെ അഭിപ്രായത്തില്‍ ഈ നിക്ഷേപത്തിലൂടെ, ഒരു കല്ലിന് മൂന്ന് പക്ഷികള്‍ എന്നതാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. 

ആപ്പിളിന്‍റെ പ്രോഡക്ടുകളുടെ വില്‍പ്പന കുറഞ്ഞത് ചൈനീസ് മാര്‍ക്കറ്റില്‍ ആളുകള്‍ താല്‍പ്പര്യം കുറഞ്ഞിട്ടല്ലെന്നും, ആപ്പിളിന്‍റെ മാര്‍ക്കറ്റിലെ ഇടപെടലില്‍ ചൈനീസ് സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കിയതിനാലാണ് എന്നതുമാണ് മൂര്‍ പറയുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ വിപണി വിശ്വസ്ത തെളിയിക്കാനാണ് ആപ്പിളിന്‍റെ നിക്ഷേപ പ്രഖ്യാപനം എന്ന് ഇദ്ദേഹം പറയുന്നു. ചൈനീസ് സര്‍ക്കാര്‍ ആപ്പിളിനെതിരെ നിരീക്ഷണം ശക്തമാക്കിയതിന് ഉദഹരണമായി അടുത്തിടെ ആപ്പിള്‍ ഐട്യൂണ്‍, ഐബുക്ക് എന്നിവ ചൈനയില്‍ പൂട്ടിയത് മൂര്‍ ചൂണ്ടികാണിക്കുന്നു.

ചൈനയിലെ സര്‍വ്വീസ് മേഖലയിലെ വലിയ ഭാവിയും ആപ്പിള്‍ മുന്‍കൂട്ടി കാണുന്നു എന്നാണ് പുതിയ നിക്ഷേപത്തെക്കുറിച്ചുള്ള മറ്റൊരു വിലയിരുത്തല്‍.