മെറ്റ, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലുകള്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ ഭയവും അനിശ്ചിതത്വവും സൃഷ്‌ടിക്കുന്നു. ഈ ജോലി നഷ്ടം ജീവനക്കാരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനൊപ്പം, എഐയുടെ വളര്‍ച്ച തൊഴില്‍ മേഖലയുടെ ഘടനയെ തന്നെ മാറ്റിമറിക്കുമെന്ന ആശങ്കയും ശക്തമാക്കുന്നു.
ഒരുകാലത്ത് മെറ്റയിലോ ലിങ്ക്ഡ്ഇന്‍ലോ ജോലി ചെയ്യുന്നു എന്ന് പറയുന്നത് തന്നെ ആളുകള്‍ക്ക് വലിയ അഭിമാനമായിരുന്നു. ഈ കമ്പനികളുടെ പേരുകള്‍ തന്നെ വലിയ സാമൂഹിക സ്ഥാനവും ആത്മവിശ്വാസവും തൊഴിലാളികള്‍ക്ക് സമ്മാനിച്ചിരുന്നു. ഉയര്‍ന്ന ശമ്പളം, ലോകോത്തര ഓഫീസുകള്‍, സുരക്ഷിത ഭാവി എല്ലാം ചേര്‍ന്ന് ടെക് ലോകം യുവതലമുറയുടെ സ്വപ്‌നമായി. എന്നാല്‍ ഇന്ന്, അതേ കമ്പനികളില്‍ ജോലി ചെയ്യുന്ന പലരും ഓരോ ദിവസവും ഭയത്തോടെയാണ് ഇ-മെയില്‍ തുറക്കുന്നത്. ഏകദേശം 8,000 ജീവനക്കാരെയാണ് ബുധനാഴ്‌ച മെറ്റ പിരിച്ചുവിട്ടത്, 600 പേരെ ലിങ്ക്ഡ്ഇനും പറഞ്ഞുവിട്ടു. എന്നാല്‍ ഈ വാര്‍ത്തകള്‍ വെറും പിരിച്ചുവിടലുകളുടെ കണക്കുകള്‍ മാത്രമല്ല പറയുന്നത്. ആധുനിക തൊഴില്‍ ലോകത്തിന്‍റെ മനഃശാസ്ത്രം തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുകളാണ് അവ. പ്രശ്‌നം ജോലി നഷ്‌ടപ്പെടുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല.
എപ്പോള്‍ വേണമെങ്കിലും ഞാന്‍ അനാവശ്യമാകാം' എന്ന സ്ഥിരമായ അനിശ്ചിതത്വത്തിലാണ് യഥാര്‍ഥ പ്രതിസന്ധി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഇന്ത്യന്‍ മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ ഡയറക്‌ടറുമായ ഡോ. സാജിദ് ഖാസിമി പറയുന്നത്, പെട്ടെന്നുള്ള ജോലി നഷ്‌ടപ്പെടലോ അതിന്‍റെ ഭയമോ മനുഷ്യരുടെ ആത്മവിശ്വാസത്തെയും വ്യക്തിത്വബോധത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ്. ഉത്കണ്‌ഠ, വിഷാദം, ഭാവിയെക്കുറിച്ചുള്ള ഭയം എന്നിവ അതിന്‍റെ സ്വാഭാവിക പ്രത്യാഘാതങ്ങളായി മാറുന്നു. അതേസമയം, എ ക്ലിനിക്കിന്‍റെ ഡയറക്‌ടര്‍ ഡോ.അജയിത ചൂണ്ടിക്കാണിക്കുന്നത്, തുടര്‍ച്ചയായ അനിശ്ചിതത്വം ശരീരത്തെയും ബാധിക്കുമെന്നാണ്. ഉറക്കക്കുറവ്, അമിത സമ്മര്‍ദ്ദം, തീരുമാനമെടുക്കാനുള്ള ശേഷിക്കുറവ് എന്നിവ നീണ്ടുനില്‍ക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങളാണെന്ന് അവര്‍ പറയുന്നു.
എഐയുടെ വളര്‍ച്ച ഈ ഭയത്തെ കൂടുതല്‍ ശക്തമാക്കുന്നു. മഹാരാഷ്ട്ര ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ ഗവേഷകനായ ശുഭം ഭാമരെയുടെ വിലയിരുത്തലില്‍, മെറ്റ പോലുള്ള കമ്പനികള്‍ എഐയിലേക്കാണ് കൂടുതല്‍ ശ്രദ്ധ തിരിക്കുന്നത്. ഇതോടെ പല മേഖലകളിലും മനുഷ്യരുടെ ജോലികള്‍ ക്രമേണ നഷ്ടപ്പെടുമെന്നാണ് അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്. എച്ച്ആര്‍ അനെക്‌സിയുടെ ഡയറക്‌ടറായ നിഖില്‍ അറോറ ഇതിനെ തൊഴില്‍ മേഖലയിലെ ഘടനാപരമായ മാറ്റമായി കാണുന്നു. ഭാവിയിലെ ജോലിസ്ഥലങ്ങളില്‍ എഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുന്നവര്‍ക്കായിരിക്കും കൂടുതല്‍ സാധ്യതയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രഘുനന്ദന്‍ സറഫ് പോലുള്ള വ്യവസായ പ്രമുഖര്‍ മനുഷ്യരുടെ സര്‍ഗാത്മകതയും സഹാനുഭൂതിയും ഉപഭോക്താക്കളെ മനസിലാക്കാനുള്ള കഴിവും എഐക്ക് പൂര്‍ണമായി പകരംവയ്ക്കാനാകില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. സാങ്കേതികവിദ്യയും മനുഷ്യരും തമ്മിലുള്ള സന്തുലിതാവസ്ഥ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ടെക് ലോകത്തിനുള്ളിലെ യാഥാര്‍ഥ്യം മറ്റൊന്നാണ്. ഒരിക്കല്‍ 'സുരക്ഷിത ഭാവി' വാഗ്‌ദാനം ചെയ്‌തിരുന്ന കമ്പനികള്‍ ഇന്ന് 'കുറഞ്ഞ ആളുകളെ കൊണ്ട് കൂടുതല്‍ ഉല്‍പാദനം' എന്ന പുതിയ നയത്തിലേക്ക് മാറുകയാണ്. ലാഭമുള്ള കമ്പനികള്‍ പോലും ജീവനക്കാരെ കുറയ്ക്കുകയും ഭാവിക്കായി പുനഃസംഘടന നടത്തുകയും ചെയ്യുന്നു.



