സാംസങ് ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ വന്‍ തോതില്‍ പൊട്ടിത്തെറിക്കാനിടയായതിന് കാരണം പുറത്തുവരുന്നു. മോശം ബാറ്ററികളാണ് പൊട്ടിത്തെറിക്കു പിന്നിലെന്നും ബാറ്ററി നല്‍കുന്ന രണ്ട് കമ്പനികളിലൊന്ന് നല്‍കിയ ബാറ്ററികളാണ് പ്രശ്‌നത്തിന് കാരണമായതെന്ന് സാംസങ് വ്യക്തമാക്കുന്നു.

സാംസങ് മൊബൈല്‍ ബിസിനസ് മേധാവി കോ ഡോങ് ജിനിന്റെ സാന്നിധ്യത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ ഈ വെളിപ്പെടുത്തല്‍. സാംസങിലെ വിദഗ്ധര്‍ക്കൊപ്പം പുറത്തുനിന്നുള്ള ഏജന്‍സിയെ കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് അന്വേഷണം നടത്തിയത്.

ആദ്യ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി മറ്റൊരു കമ്പനിയുടെ ബാറ്ററി ഉപയോഗിച്ചപ്പോഴും തകരാര്‍ പരിഹരിക്കപ്പെട്ടില്ല. ഇതോടെ ഗാലക്‌സി നോട്ട് 7 ലോക വിപണിയില്‍ നിന്നും പൂര്‍ണമായി പിന്‍വലിക്കാന്‍ സാംസങ്ങ് നിര്‍ബന്ധിതരായിരുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് 2.5 മില്യണ്‍ നോട്ട് 7 ഫോണുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇതിലൂടെ സാംസങിന് 5.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്ക്.

2017 പകുതിയോടെ നോട്ട് 8 പുറത്തിറക്കുന്നതിന് മുമ്പായി നോട്ട് 7 ന്റെ പരാജയകാരണം സംബന്ധിച്ച് കമ്പനി വിശദീകരിക്കണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌ന കാരണം വ്യക്തമാക്കുന്നതിനൊപ്പം തകരാര്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും വിദഗ്ധ സംഘം കൈമാറിയിട്ടുണ്ട്.