തുര്‍ക്കി: ഓൺലൈൻ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ തുർക്കിയിൽ നിരോധിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നെന്ന കാരണത്താലാണ് നിരോധനം. തുര്‍ക്കിക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ വിക്കിപീഡിയയില്‍ ലഭ്യമായിരുന്നു. തുര്‍ക്കി സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിക്കി പീഡിയയില്‍നിന്നും ഈ വിവരങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
ടിവി, റേഡിയോ ഡേറ്റിംഗ് പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തിനെയോ ഇണയെയോ കണ്ടെത്തുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. കുടുംബം എന്ന സ്ഥാപനം ഇല്ലാതാകുന്നതിന് ഇത്തരം പരിപാടികൾ ഇടയാക്കുമെന്നും കുടുംബ ബന്ധത്തിന്റെ പവിത്രതയും ശ്രേഷ്ഠതയും തകർക്കുമെന്നും തുർക്കി ഉപപ്രധാനമന്ത്രി നുമാൻ കുർട്ടുൾമുസ് പറഞ്ഞു.
അന്തരാഷ്ട്ര തലത്തില്‍ തുര്‍ക്കിക്ക് എതിരായുള്ള പ്രചാരണപ്രവർത്തനങ്ങളിൽ വിക്കിപീഡിയ ഭാഗമായെന്ന് നിരോധനമേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് തുര്‍ക്കി സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന വിവരങ്ങള്‍ വിക്കിപീഡിയയിലൂടെ ലഭ്യമാകുന്നു എന്നും തുര്‍ക്കി സര്‍ക്കാര്‍ ആരോപിച്ചു. 2014 മാര്‍ച്ചിൽ തുര്‍ക്കിയില്‍ യൂടൂബിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2016 ൽ വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
