ബെംഗളൂരു: ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിയുടെ 40000 രൂപ നഷ്ടമായി. ഇ-കോമേഴ്സ് സ്ഥാപനമായ ആമസോൺ ജീവനക്കാരനെന്ന വ്യാജേനയെത്തിയ യുവാവിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയപ്പോഴാണ് യുവതിയ്ക്ക് പണം നഷ്ടപ്പെട്ടത്. ബെംഗളൂരു എച്ച്എസ്ആർ ലേ ഔട്ടിൽ താമസിക്കുന്ന ശ്രീലക്ഷ്മിയാണ് ഓണ്‍ലൈൻ തട്ടിപ്പിനിരയായത്.

അടുത്തിടെയാണ് ശ്രീലക്ഷ്മി ആമസോണിൽ നിന്ന് ഒരു പുതപ്പ് ഓർഡർ ചെയ്തത്. അധികം വൈകാതെ സാധനം ലഭിച്ചെങ്കിലും ഇഷ്ടപ്പെടാത്തതിനാൽ തിരിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. ആമസോൺ ജീവനക്കാരനെന്ന വ്യാജേനയെത്തിയ യുവാവ് പുതപ്പ് തിരിച്ചുകൊണ്ടുപോയെങ്കിലും പണം തിരികെ ലഭിച്ചിരുന്നില്ല.

രണ്ടു ദിവസത്തിനുശേഷം ആമസോണിൽ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതുകാരണം പണം തിരികെ നൽകാൻ കഴിഞ്ഞില്ലെന്നും അതിനാൽ ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്നുമാവശ്യപ്പെട്ട് യുവതിയ്ക്ക് അയക്കുകയായിരുന്നു. പൂരിപ്പിച്ച ഫോം മറ്റൊരു നമ്പറിലേക്ക് അയക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നതായി യുവതി പറഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെയുള്ളവ നൽകി മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് 40000 രൂപ പിൻവലിക്കപ്പെടുകയായിരുന്നു. ഇടയ്ക്ക് ഒടിപി അടക്കമുള്ള വിവരങ്ങൾ കൈമാറിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.

ആമസോണിൽ നിന്ന് താൻ പുതപ്പ് വാങ്ങിയ കാര്യം അപരിചിതനെങ്ങനെയറിഞ്ഞു എന്ന ആശങ്കയിലാണ് യുവതി. യുവതിയുടെ വീട്ടിലെത്തി പുതപ്പ് തിരിച്ചുകൊണ്ടുപോയ യുവാവിനെ പൊലീസ് തിരയുകയാണ്. ആമസോണിൽ ഉള്ളവരിൽ ആരെങ്കിലും ഇടനിലക്കാരായി വിവരങ്ങൾ കൈമാറിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് ആമസോൺ അധികൃതർ അറിയിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ബന്ദേൽപ്പാളയ പോലീസ് കേസെടുത്തു.