ബീയജിംഗ്: ഷവോമി സ്മാര്‍ട്ട് ബൈക്ക് ഇറക്കി, ചൈനയിലെ ബീയജിംഗില്‍ നടന്ന ചടങ്ങിലാണ് ക്യൂഐ സൈക്കിള്‍ പുറത്തിറക്കിയത്. 2,999 യുവനാണ് ഈ സൈക്കിളിന്‍റെ വില, അതായത് ഇന്ത്യയില്‍ ഏതാണ്ട് 31,000 രൂപയ്ക്ക് അടുത്ത് വിലവരും ഇതിന്. ഈ മാസം അവസാനം തന്നെ ഷവോമി ക്യൂഐ സൈക്കിള്‍ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ക്യൂഐ സൈക്കിളില്‍ ഇന്‍റഗ്രേറ്റഡ് ഇലക്ട്രിക്ക് മോട്ടോറും ഉണ്ട്. ഏതാണ്ട് 250 W-36V ഇലക്ട്രിക്ക് മോട്ടോറാണ് ഇതില്‍ ഉള്ളത്. ബാറ്ററി ചാര്‍ജ് ആണ് ഇതില്‍ ഉപയോഗിക്കുന്നത്. പാസസോണിക്കിന്‍റെ 18650 ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഷവോമി പറയുന്നത്. ഒരു ചാര്‍ജിംഗിലൂടെ 45 കിലോമീറ്റര്‍വരെ മൈലേജ് ഈ വാഹനത്തിന് കിട്ടും എന്നാണ് ഷവോമി പറയുന്നത്. ഒപ്പം ഒരു കാറിന്‍റെ ഡിക്കിയില്‍ വയ്ക്കാന്‍ സാധിക്കുന്ന വലിപ്പമേ ക്യൂഐ സൈക്കിളിന് ഉള്ളൂ. അതിനാല്‍ തന്നെ ഒരു വ്യായാമ ഉപകരണം എന്ന നിലയില്‍ ഏത് യാത്രയിലും ഈ സൈക്കിള്‍ കരുതാം.

സ്മാര്‍ട്ട്ഫോണ്‍ വിപണിയിലാണ് ശ്രദ്ധയെങ്കിലും മറ്റ് വിവിധ ഉപകരണങ്ങളും ചൈനയില്‍ ഷവോമി പുറത്തിറക്കിയിട്ടുണ്ട്. വാട്ടര്‍ പ്യൂരിഫെയര്‍, എംഐ സെറ്റോ ബോക്സ്, ഷവോമി ടിവി, റൈസ് കുക്കര്‍ ഇങ്ങനെ നീളുന്നു ഷവോമിയുടെ ഉപകരണങ്ങള്‍. ഇതേ ശ്രേണിയിലാണ് ഷവോമി ടൂവീലറും പുറത്തിറക്കുന്നത്.