ദില്ലി: ചൈനീസ് സ്മാർട്ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ ജനപ്രിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിക്കുന്ന വീഡിയോ വൈറലായിരുന്നു. അപകടത്തിൽ കടയുടമക്ക് പൊള്ളലേറ്റു എന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ട ദേശീയ മാധ്യനമങ്ങള്‍ പറയുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്. ബെംഗളൂരുവിലാണ് സംഭവം എന്നായിരുന്നു റിപ്പോര്‍ട്ട്. 

ഉപഭോക്താവിന്റെ ഫോണിൽ സിംകാര്‍ഡ് ഇടാൻ ശ്രമിക്കുമ്പോഴാണ് ദുരന്തം സംഭവിക്കുന്നതാണ് കാണുന്നത്. ഈ വീഡിയോയ്ക്ക് ഒപ്പം പൊട്ടിത്തെറിച്ച ഫോൺ പൂർണമായും തകർന്ന ഫോണ്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വലിയ ട്വിസ്റ്റാണ് നടക്കുന്നത്. ഈ വീഡിയോ ആധികാരികമാണോ എന്ന സംശയമാണ് ഉയരുന്നത്.

സംഭവം ഷവോമി അധികൃതര്‍ അന്വേഷിച്ചു. വീഡിയോയ്ക്ക് ഒപ്പമുള്ള ചിത്രം പൂര്‍വിക എന്ന മൊബൈല്‍ സ്റ്റോറില്‍ നിന്നും വാങ്ങിയതാണെന്നും. അത് തേര്‍ഡ്പാര്‍ട്ടി ചാര്‍ജര്‍ ഉപയോഗിച്ചതാല്‍ കത്തിപ്പോയതാണെന്ന് കണ്ടെത്തി. എങ്കിലും അത് റീപ്ലേസ് ചെയ്തിട്ടുണ്ടെന്ന് കമ്പനി വിശദീകരിക്കുന്നു. എന്നാല്‍ ഇതിനൊപ്പം പ്രചരിക്കുന്ന വീഡിയോ എവിടുന്നുള്ളതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഷവോമി പറയുന്നു. ഈ ഫോണ്‍ കത്തിയതുമായി ബന്ധപ്പെട്ടതല്ല ആ വീഡിയോ എന്ന് ഷവോമി ഉറപ്പിച്ച് പറയുന്നു. ആ കട പൂര്‍വിക എന്ന മൊബൈല്‍ സ്റ്റോറല്ലെന്ന് കമ്പനി പറയുന്നു.