രാവിലെ കട്ടൻ ചായക്കൊപ്പം പത്രം വായിക്കുന്നതിനു പകരം ബ്ലോഗുകൾ വായിക്കുന്ന എന്‍റെ ഫോണിൽ ഇന്നലെ ലെനോവോ യോഗാ ബുക്കിനെ പറ്റിയുള്ള വാർത്തകളുടെ ബഹളമായിരുന്നു! എല്ലാവര്‍ക്കും സംഗതി അങ്ങ് പിടിച്ച മട്ടാണ് പക്ഷെ ഇത് വാങ്ങണോ എന്ന് ചോദിച്ചാൽ ആരും ഉറപ്പിച്ചു ഒന്നും പറയുന്നതും ഇല്ല !

കാണാൻ യോഗ ബുക്ക് സുന്ദരനാണ്. കനം കുറവ്, അലുമിനിയം മാഗ്നിസിയം നിർമിതി. തിളങ്ങുന്ന വിജാഗിരി… അതൊക്കെ അവിടെ നിനക്കട്ടെ. ആദ്യം ആ കീബോര്‍ഡ് ഒന്ന് നോക്കാം.

സത്യത്തിൽ കീബോര്‍ഡ് ഇല്ല. അതിനു പകരം ഒരു ടച്ച് പാനൽ. ഇവിടെയാണ് നിങ്ങൾ ടൈപ്പ് ചെയ്യേണ്ടത്. ഒരു ഗ്ലാസ് പ്രതലത്തിൽ ടൈപ്പ് ചെയ്യുന്നത് ശീലമാകാൻ അല്പം സമയം എടുത്തേക്കും. സഹായിക്കാൻ ലെനോവോ വൈബ്രേഷൻ (haptic feedback) ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ കീബോര്ഡ് ചില്ലറക്കാരനല്ല. സാധാരണ കീബോർഡ് പോലെ ഉപയോഗിക്കുന്നതിന് ഒപ്പം തന്നെ യോഗ ബുക്കിന് ഒപ്പം ലഭിക്കുന്ന പേന (Real Pen) എന്ന സ്റ്റൈലസ് ഉപയോഗിച്ച് എഴുതുകയോ വരക്കുകയോ ആവാം. ഇനി നിങ്ങളുടെ സ്വന്തം പെന ഉപയോഗിച്ച് എഴുതണമെങ്കിൽ ഒരു കടലാസ് ഈ കീബോഡിന് മുകളിൽ വെച്ച് എഴുതാം. പേന പേപ്പറിൽ എഴുതുമ്പോൾ അതിന്റെ ഒരു ഡിജിറ്റൽ പതിപ്പ് യോഗ ബുക്കിലും ഉണ്ടാകും. 

ഈ കീബോർഡാണ്‌ ടെക് ലോകത്തെ മുഴുവൻ യോഗ ബുക്കിലേക്ക് ആകർഷിക്കുന്നതും അതെ സമയം അല്പം സംശയത്തോടെ വീക്ഷിക്കാൻ പ്രേരിപ്പിക്കുന്നതും.

ഇന്‍റലിന്‍റെ ആറ്റം X5 പ്രോസസ്സർ, 13 മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററി, 10.1 ഇഞ്ച് സ്ക്രീൻ, ഒപ്പം വിന്ഡോസ് അല്ലെങ്കിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയെല്ലാം ചേർത്ത് ലെനോവോ യോഗാബുക്കിന് $499 (ആൻഡ്രോയിഡ്) മുതൽ $549 (വിൻഡോസ്)വരെയാണ് വില. 4G സിംകാർഡ് ഉപയോഗിക്കാവുന്ന മറ്റൊരു പതിപ്പും ലഭ്യമാകും.

ഈ കീബോർഡ് ഉപയോഗിക്കാൻ എത്ര എളുപ്പത്തിൽ ആളുകൾക്ക് ശീലിക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും യോഗ ബുക്കിന്റെ വിജയവും തോൽവിയും. ഒപ്പം ആറ്റം X5 പ്രോസസ്സർ എത്ര നന്നായി തന്റെ ജോലി നിർവഹിക്കുന്നു എന്നതും.

ഒരു പുതിയ ലാപ്‌ടോപ്‌ എന്നരീതിയിൽ ഉള്ള ആകർഷണീയതയെക്കാൾ മൈക്രോസോഫ്റ്റിന്റെ സർഫേസ് പ്രോ ശ്രേണിയിൽ ഉള്ള ടാബ്ലെറ്റുകൾ ഉപയോഗിക്കുന്നവർക്ക് യോഗ ബുക്ക് അല്പം കൂടി പ്രിയങ്കരമായേക്കാം.

മൂന്ന് വർഷത്തോളമായി ലെനോവോ യോഗ ബുക്ക് എന്ന ആശയം വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്. സാധാരണ ഒരു ലാപ്ടോപ്പ് രൂപകൽപന ചെയ്തു വിപണിയിലെത്തിക്കാൻ ഒമ്പത് മാസമാണ് എടുക്കുന്നത് എന്നാണു കമ്പനി പറയുന്നത്.ആ ശ്രമങ്ങൾ ഫലം കണ്ടോ എന്ന് ഒക്ടോബറിൽ യോഗ ബുക്ക് വിപണിയിൽ എത്തുമ്പോൾ അറിയാം.