ദില്ലി: ജൂലായ് ഒന്നു മുതല്‍ ജിഎസ്ടി നടപ്പാകുന്നതോടെ മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും. മൊബൈല്‍ കോള്‍ ചാര്‍ജും വര്‍ധിക്കും.മൊബൈല്‍ ഫോണിന്റെ നികുതി 12 ശതമാനമായി നിശ്ചയിച്ചതിനാല്‍ നിലവിലുള്ള നിരക്കിനേക്കാള്‍ അഞ്ച് ശതമാനം വരെ കൂടാനാണ് സാധ്യത. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകളുടെ വിലയില്‍ നാലു മുതല്‍ അഞ്ച് ശതമാനം വര്‍ധനക്ക് ഇത് ഇടവരുത്തും. 

ജനുവരി മാര്‍ച്ച് കാലയളവില്‍ ഇന്ത്യയില്‍ 5.9 കോടി മൊബൈല്‍ ഫോണുകളാണ് വിറ്റഴിച്ചത്. ഇതില്‍ 80 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവയാണ്. ഉയര്‍ന്ന നികുതി നിരക്ക് മൊബൈല്‍ നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് വിമര്‍ശമുയര്‍ന്ന് കഴിഞ്ഞു. കോള്‍ നിരക്കില്‍ മൂന്ന് ശതമാനം അധിക നികുതി ചുമത്താനാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. 

നിലവില്‍ 15 ശതമാനമാണ് കോള്‍ നിരക്കില്‍മേലുള്ള നികുതി. സര്‍വ്വീസ് ടാക്‌സും സെസ്സും ഉള്‍പ്പെടെയാണിത്. ജിഎസ്ടിയില്‍ 18 ശതമാനം നികുതി ചുമത്താനാണ് തീരുമാനം.

മാസം 1000 രൂപ ബില്ല് അടക്കുന്ന പോസ്റ്റ്‌പെയ്ഡ് കസ്റ്റമര്‍ക്ക് 30 രൂപ അധികം നല്‍കേണ്ടി വരും. നൂറ് രൂപക്ക് റീചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് കസ്റ്റമര്‍ക്ക് 85 രൂപക്ക് പകരം ഇനി 82 രൂപയെ ടോക് ടൈം ലഭിക്കൂ.