പഞ്ചാബിലെ കര്‍ഷകര്‍ക്ക് ആകെ 42 കോടി രൂപ വിലവരുന്ന 600 ട്രാക്‌ടറുകള്‍ യുവി സംഭാവന ചെയ്‌തു എന്നാണ് ഒരു ചിത്രം സഹിതം സോഷ്യല്‍ മീഡിയ പ്രചാരണം. ഈ പ്രചാരണത്തിന്‍റെ ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ട് വിശദമായി.

മൊഹാലി: പഞ്ചാബിലെ പ്രളയബാധിതര്‍ക്ക് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗ് 600 ട്രാക്‌ടറുകള്‍ സംഭാവന ചെയ്‌തോ? ആകെ 42 കോടി രൂപ വിലവരുന്ന ട്രാക്‌ടറുകള്‍ യുവി നല്‍കിയതായി ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഒരു ഗ്രാഫിക്‌സ് ചിത്രം സഹിതം പ്രചാരണം വ്യാപകമാണ്. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

ക്രിക്കറ്റര്‍ യുവ്‌രാജ് സിംഗ് ആകെ 42 കോടി രൂപ വിലവരുന്ന 600 ട്രാക്‌ടറുകള്‍ പഞ്ചാബിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് കൈമാറുന്നു എന്നാണ് പ്രചരിക്കുന്ന ചിത്രത്തില്‍ എഴുതിയിരിക്കുന്നത്. കൃഷിയിടത്തില്‍ കുറേ ട്രാക്‌ടറുകള്‍ നിരത്തിവച്ചിരിക്കുന്നതും ഒരു ബാനര്‍ പിടിച്ച് കുറച്ചുപേര്‍ നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. യുവ്‌രാജ് സിംഗ് ഫൗണ്ടേഷനാണ് 600 ട്രാക്‌ടറുകള്‍ നല്‍കുന്നതെന്ന് ബാനറില്‍ എഴുതിയിരിക്കുന്നു.

വസ്‌തുതാ പരിശോധന

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന യുവ്‌രാജ് സിംഗ് പഞ്ചാബിലെ കര്‍ഷകര്‍ക്ക് 600 ട്രാക്‌ടറുകള്‍ നല്‍കിയിരുന്നെങ്കില്‍ അത് ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയാകുമായിരുന്നു. എന്നാല്‍ അത്തരത്തിലൊരു വാര്‍ത്തയും പരിശോധനയില്‍ കണ്ടെത്താനായില്ല. യുവിയുടെ വെരിഫൈഡ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായില്ല. യുവി നേതൃത്വം നല്‍കുന്ന You We Can Foundation-ന്‍റെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ട്രാക്‌ടര്‍ വിതരണത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമായില്ല.

അതേസമയം, പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് യുവ്‌രാജ് സിംഗിന്‍റെ You We Can Foundation തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മനസിലാക്കാനായി. മാത്രമല്ല, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ‌്തിരിക്കുന്ന ചിത്രത്തില്‍ ഗൂഗിളിന്‍റെ ജെമിനി എഐയുടെ വാട്ടര്‍മാര്‍ക്കും കാണാം. ഇത് ഈ വൈറല്‍ ചിത്രം എഐ നിര്‍മ്മിതമാണെന്ന സൂചന നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എഐ ഇമേജ് ഡിറ്റക്ഷന്‍ ടൂളുകള്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തു. യുവി പഞ്ചാബിലെ പ്രളയബാധിതര്‍ക്ക് 600 ട്രാക്‌ടറുകള്‍ സമ്മാനിച്ചു എന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണെന്നും ചിത്രം എഐ സൃഷ്‌ടിയാണെന്നും ഇതോടെ ബോധ്യമായി.

നിഗമനം

ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ് പഞ്ചാബിലെ പ്രളയബാധിതര്‍ക്ക് 600 ട്രാക്‌ടറുകള്‍ സംഭാവന നല്‍കിയതായി ഒരു ചിത്രം സഹിതമുള്ള സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming