ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് മത്സരത്തില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്‌തദാനം നല്‍കാത്തതില്‍ ടീം ഇന്ത്യയെ വിമര്‍ശിച്ചോ ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്? പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രചാരണത്തിന്‍റെ വസ്‌തുത ഇതാ.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സെപ്റ്റംബര്‍ 14ന് നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ടീമിന് ഹസ്‌തദാനം നല്‍കാത്തതില്‍ ടീം ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചോ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്. സ്‌കൈ സ്പോര്‍ട്‌സില്‍ പോണ്ടിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ചതായുള്ള പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രചാരണത്തിന്‍റെ വസ്‌തുത എന്താണ്. വിശദമായി പരിശോധിക്കാം.

പ്രചാരണം

'ടീം ഇന്ത്യയുടെ പരാജയമെന്ന രീതിയിലാണ് ഈ മത്സരം (ഇന്ത്യ-പാക്) ഓര്‍മ്മിക്കപ്പെടുക. ഇന്ത്യന്‍ ടീം പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹസ്‌തദാനം നല്‍കാത്തതാണ് ഇതിന് കാരണമെന്നും' റിക്കി പോണ്ടിംഗ് സ്‌കൈ സ്‌പോര്‍ട്‌സില്‍ വിമര്‍ശിച്ചതായാണ് പാക് വിഷന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റില്‍ പറയുന്നത്.

വസ്‌തുതാ പരിശോധന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് വിമര്‍ശിച്ചതായുള്ള പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിച്ചു. ഇതില്‍ റിക്കി പോണ്ടിംഗിന്‍റെ തന്നെ ഒരു എക്‌സ് പോസ്റ്റ് കാണാനായി. ഈ പ്രതികരണത്തില്‍ പോണ്ടിംഗ്, തന്‍റെ പരാമര്‍ശം എന്ന രീതിയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്‌തുത തുറന്നുകാട്ടിയിട്ടുണ്ട്.

'ഞാന്‍ പറഞ്ഞതായി ഒരു പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ അങ്ങനെയൊരു പ്രതികരണം നടത്തിയിട്ടില്ല എന്ന് ദയവായി മനസിലാക്കുക. ഏഷ്യാ കപ്പിനെ കുറിച്ച് പോലും ഞാനിതുവരെ ഒരു പരാമര്‍ശം നടത്തിയിട്ടില്ല'- എന്നുമാണ് എക്‌സിലൂടെ റിക്കി പോണ്ടിംഗിന്‍റെ വിശദീകരണം. മാത്രമല്ല, ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് റിക്കി പോണ്ടിംഗിന്‍റെ എന്തെങ്കിലും പ്രസ്‌താവനയോ പ്രതികരണമോ സ്കൈ സ്പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല എന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഗ്രൂപ്പ് മത്സരത്തില്‍ പാക് താരങ്ങള്‍ക്ക് ഹസ്‌തദാനം നല്‍കാതിരുന്ന ഇന്ത്യന്‍ ടീമിനെ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് വിമര്‍ശിച്ചതായുള്ള പ്രചാരണം വ്യാജമാണ് എന്നുറപ്പായി. മത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് ടീം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming