ആഷിക് അബുവിന്‍റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു 2011ല്‍ പുറത്തെത്തിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഇപ്പോഴിതാ ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ മറ്റൊരു സിനിമയിലൂടെ എത്തുന്നു. ബാബുരാജ് അവതരിപ്പിച്ച 'കുക്ക് ബാബു'വും ലാലിന്‍റെ 'കാളിദാസ'നും ശ്വേത മേനോന്‍റെ 'മായ കൃഷ്‍ണനു'മൊക്കെ വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്‍റെ പേര് 'ബ്ലാക്ക് കോഫി' എന്നാണ്. ബാബുരാജ് തന്നെയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 

കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. സണ്ണി വെയ്ന്‍, സിനി സൈനുദ്ദീന്‍, സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോര്‍ജ്ജ്, സാജു കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, ഓവിയ, ലെന, രചന നാരായണൻ കുട്ടി, ഓർമ ബോസ്, പൊന്നമ്മ ബാബു, തെസ്‍നി ഖാന്‍, അംബിക മോഹന്‍ തുടങ്ങിയവര്‍ക്കൊപ്പം സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ മൂപ്പനായി അഭിനയിച്ച കേളുമൂപ്പനും ചിത്രത്തില്‍ എത്തുന്നു. വിശ്വദീപ്തി ഫിലിംസിന്‍റെ ബാനറിൽ സജീഷ് മഞ്ചേരിയാണ് നിര്‍മ്മാണം. ഛായാഗ്രഹണം ജെയിംസ് ക്രിസ്. എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ. സംഗീതം ബിജിബാല്‍. പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ. കലാസംവിധാനം രാജീവ് കോവിലകം, ജോസഫ്. വാർത്താ പ്രചരണം എഎസ് ദിനേശ്.