ദക്ഷിണാഫ്രിക്കയിൽ കാണാതായ ഹോട്ടലുടമയുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങള്‍ ഒരു കൂറ്റൻ മുതലയുടെ വയറ്റില്‍ കണ്ടെത്തി. വെടിവച്ചുകൊന്നശേഷം മുതലയുടെ വയറ്റിൽ നിന്ന് മനുഷ്യന്റെ ശരീരഭാഗങ്ങളും ആറ് ജോഡി ഷൂസുകളും കണ്ടെടുത്തു. 

59 -കാരനായ ഹോട്ടലുടമയുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കൂറ്റൻ മുതലയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു. ദക്ഷിണാഫ്രിക്കയിലെ കോമാറ്റി നദിയിൽ കാണാതായ ഗബ്രിയേൽ ബാറ്റിസ്റ്റയുടേതെന്ന് കരുതുന്ന ശരീരഭാ​ഗങ്ങളാണ് കണ്ടെടുത്തത്. ശക്തമായ പ്രളയത്തിൽ നദിയിൽ അകപ്പെട്ട ബാറ്റിസ്റ്റയെ മുതല പിടികൂടിയതാകാമെന്ന നിഗമനത്തിലായിരുന്നു തിരച്ചിൽ സംഘം. ബാറ്റിസ്റ്റയെ കാണാതായതിന് പിന്നാലെ നദിയിൽ ഡ്രോൺ ഉപയോ​ഗിച്ച് നടത്തിയ നിരീക്ഷണത്തിൽ അസാധാരണമാംവിധം വയർ വീർത്ത നിലയിലുള്ള ഒരു മുതലയെ കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററുകളും ഡ്രോണുകളും സമീപത്തുണ്ടായിട്ടും യാതൊരു അനക്കവുമില്ലാതെ ഒരേ സ്ഥലത്ത് തുടരുകയായിരുന്നു മുതല. ഇത് അടുത്തിടെയായിരിക്കാം മുതല ആഹാരം കഴിച്ചതെന്ന സംശയം ഉദ്യോഗസ്ഥരിൽ ജനിപ്പിക്കുകയായിരുന്നു.

അധികൃതരുടെ അനുമതിയോടെ മുതലയെ വെടിവെച്ചു കൊന്ന ശേഷം കരയ്ക്കെത്തിക്കാനായി സാഹസികമായ നീക്കമാണ് പൊലീസ് പിന്നാലെ നടത്തിയത്. 15 അടി നീളവും 1,000 പൗണ്ടിലധികം തൂക്കവുമുള്ളതായിരുന്നു മുതല. ഹെലികോപ്റ്ററിൽ നിന്നും വടം വഴി താഴേക്കിറങ്ങിയ ക്യാപ്റ്റൻ ജോഹാൻ പോട്ട്ഗീറ്റർ എന്ന ഉദ്യോഗസ്ഥൻ മുതലയുടെ ശരീരത്തിൽ ഹാർനെസ് ഘടിപ്പിച്ചു. മറ്റ് രണ്ട് മുതലകൾ അരികിൽ കാവൽ നിൽക്കെയായിരുന്നു അതീവ അപകടകരമായ ഈ നീക്കം. ഹാർനെസ് ഉറപ്പിച്ച ശേഷം ഹെലികോപ്റ്റർ ഉപയോഗിച്ച് മുതലയെ നദിയിൽ നിന്ന് ഉയർത്തി പരിശോധനയ്ക്കായി മാറ്റി.

Scroll to load tweet…

മുതലയെ കീറി പരിശോധിച്ചപ്പോൾ രണ്ട് കൈകൾ, വാരിയെല്ലിന്റെ ഭാഗങ്ങൾ, മാംസക്കഷ്ണങ്ങൾ എന്നിവ കണ്ടെടുത്തു. ഒരു കൈവിരലിൽ ബാറ്റിസ്റ്റയുടേതെന്ന് കരുതുന്ന മോതിരവും ഉണ്ടായിരുന്നു. എന്നാൽ, ശാസ്ത്രീയമായ സ്ഥിരീകരണത്തിനായി ഫോറൻസിക് പരിശോധനകൾ നടക്കുകയാണ്. മനുഷ്യശരീര ഭാഗങ്ങൾക്ക് പുറമെ, ആറ് ജോഡി ഷൂസുകളും മുതലയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ ബാറ്റിസ്റ്റയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഈ മുതല മുൻപും ആളുകളെ ഇരയാക്കിയിട്ടുണ്ടാകാമെന്ന ഭീതിയിലാണ് അധികൃതർ.