ഹാസ്യതാരമായി തുടങ്ങി നായകനായി മാറിയ തമിഴ് നടൻ സൂരി, ദീപാവലി ആഘോഷ വീഡിയോക്ക് താഴെ വന്ന അധിക്ഷേപ കമന്റിന് നൽകിയ മറുപടി ശ്രദ്ധേയമായി. താൻ തെരുവുകളിൽ ഉറങ്ങി വളർന്നവനാണെന്നും കഠിനാധ്വാനത്തിലൂടെയാണ് ജീവിതമൂല്യം പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജൂനിയർ താരമായും കോമഡി താരമായും കരിയർ ആരംഭിച്ച് ഇന്ന് തമിഴ് സിനിമയിലെ നായകനായി മികച്ച സിനിമകളുടെ ഭാഗമാവുന്ന താരമാണ് സൂരി. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പാർട്ട് 1&2 , പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത കൊട്ടുകാളി തുടങ്ങീ ചിത്രങ്ങളിലെ സൂരിയുടെ പ്രകടനം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങളായിരുന്നു.
‘താങ്കളുടെ വളര്‍ച്ചയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോവുക’
ഇപ്പോഴിതാ താരം ദീപാവലി ആഘോഷിക്കുന്ന വീഡിയോക്ക് താഴെ അധിക്ഷേപ കമന്റുമായെത്തിയ വ്യക്തിക്ക് സൂരി നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്. 'തിണ്ണയില്‍ കിടന്നവന് പെട്ടെന്ന് മെച്ചപ്പെട്ട ജീവിതം വന്നു' എന്നായിരുന്നു ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് സൂരി പങ്കുവെച്ച വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. "തിണ്ണയില്‍ അല്ല സുഹൃത്തേ, പല ദിവസങ്ങളിലും രാത്രികളിലും റോഡില്‍ ഇരുന്നും ഉറങ്ങിയും ജീവിച്ചവനാണ് ഞാന്‍. ആ വഴികളിലൂടെ വന്നാണ് ജീവിതത്തിന്റെ മൂല്യവും സത്യവും ഞാന്‍ പഠിച്ചത്. താങ്കളുടെ വളര്‍ച്ചയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോയാൽ വിജയം തീര്‍ച്ചയായും നിങ്ങളെയും തേടിവരും." എന്നായിരുന്നു അധിക്ഷേപ കമന്റിന് സൂരി മറുപടി നൽകിയത്.
അതേസമയം പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത 'മാമൻ' ആയിരുന്നു സൂരിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ കഥയും സൂരിയുടേതായിരുന്നു ഐശ്വര്യ ലക്ഷ്മിയാണ് സൂരിയുടെ നായികയായി ചിത്രത്തിൽ എത്തിയത്. മലയാളത്തിൽ നിന്നും സ്വാസികയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.



