ആത്മീയയാത്രയെക്കുറിച്ച് നടൻ കവിരാജ് വെളിപ്പെടുത്തുന്നു.

സിനിമകളിലും സീരിയലുകളിലും വില്ലന്‍ വേഷങ്ങളിലൂടെ സുപരിചതനായ നടനാണ് കവിരാജ്. ഇപ്പോള്‍ അഭിനയ രംഗത്തു നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. കുറച്ചു വർഷങ്ങളായി ആത്മീയ പാത പിന്തുടരുകയാണ് നടൻ. അമ്മയുടെ മരണ ശേഷമാണ് താൻ ആത്മീയ പാതയിലേക്ക് തിരിഞ്ഞതെന്ന് കവിരാജ് പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

''അമ്മയുടെ ആണ്ട് നടത്തുന്നത് വരെ ഞാൻ വിഷാദരോഗം പോലെയുള്ള അവസ്ഥയിലായി. ഭാര്യ അനു അന്ന് ഗർഭിണിയാണ്. അമ്മ മരിച്ച് അടുത്തയാഴ്ച അവൾ പ്രസവിച്ചു. കുഞ്ഞുണ്ടായത് സന്തോഷമാണെങ്കിലും ഞാൻ അമ്മയുടെ അടിയന്തരത്തിന്റെ തിരക്കുകളിലായിരുന്നു. ‌ആരും സഹായത്തിനില്ലായിരുന്നു. പ്രസവിക്കുമ്പോൾ ഞാൻ അടുത്ത് വേണമെന്ന് പറഞ്ഞപ്പോൾ വണ്ടി പിടിച്ച് പോയി. കുഞ്ഞിനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു.

കാവിയും ഷാളും നരയുമെല്ലാമായി അലഞ്ഞ് നടക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. ഭാര്യ കുഞ്ഞിനെയും കൊണ്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് പോയി. പിന്നെ വന്നില്ല. ഞാൻ വീടും പൂട്ടി ഇറങ്ങി ഹിമാലയം വരെ പോയി അലഞ്ഞു.

ആത്മീയതയിലേക്ക് തിരിഞ്ഞപ്പോൾ വീട്ടിൽ ദാരിദ്ര്യമായി. ഞാൻ അധികം ആരോടും സംസാരിക്കാത്ത ആളാണ്. ഭാര്യയോടും ഒട്ടും സംസാരിക്കാതായി. അങ്ങനെയാണ് അവൾ പോയത്. വീട് പൂട്ടി ഞാനും എന്റെ വഴിക്ക് പോയി. ഭാര്യക്ക് പിന്നീട് തിരിച്ച് വരണമെന്നു തോന്നി. ഞങ്ങൾ വീണ്ടും യോജിച്ചു. എന്റെ കൂടെ അവളെന്തിന് ജീവിക്കുന്നു, നല്ലൊരാളെ കിട്ടിയാൽ അവളെ കല്യാണം കഴിപ്പിക്കാം എന്ന് ഞാൻ ആലോചിച്ച സമയത്താണ് ഭാര്യ തിരിച്ച് വരുന്നത്. അതിന് ശേഷം ഗുരുവിന്റെ നിർദേശ പ്രകാരം കാവി മാറ്റി. '', കവി രാജ് അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക