ഓസ്കര്‍ ജേതാവായ സംവിധായകന്‍ അലഹാന്ദ്രോ ഗോണ്‍സാലസ് ഇന്യാരിറ്റുവും ടോം ക്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രം
ചില ആക്റ്റര്‍- ഡയറക്ടര്‍ കോമ്പിനേഷനുകള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്താറുണ്ട്. ഹോളിവുഡില്‍ നിന്ന് വരാനിരിക്കുന്ന അത്തരത്തിലുള്ള ഒരു കോമ്പിനേഷന്‍ ആണ് മെക്സിക്കന്‍ സംവിധായകന്‍ അലഹാന്ദ്രോ ഗോണ്‍സാലസ് ഇന്യാരിറ്റുവും ആക്ഷന്‍ ചിത്രങ്ങളിലൂടെ ഈ 64-ാം വയസിലും വിസ്മയിപ്പിക്കുന്ന സാക്ഷാല്‍ ടോം ക്രൂസും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഡിഗറിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. രണ്ട് തവണ നേടിയ ഓസ്‍കര്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ പ്രിയ സംവിധായകനായ ഇന്യാരിറ്റുവിനൊപ്പം ടോം ക്രൂസ് എത്തുമ്പോള്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒന്നാണ് അവരെ കാത്തിരിക്കുന്നതെന്ന് അടിവരയിടുന്നതാണ് പുറത്തെത്തിയ ട്രെയ്‍ലര്‍.
ഇത് ടോം ക്രൂസ് തന്നെയോ എന്ന് സംശയം ജനിപ്പിക്കുന്നത്ര വേറിട്ടതാണ് ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ അപ്പിയറന്‍സ്. ഡിഗര്‍ റോക്ക്‍വെല്‍ എന്നാണ് ക്രൂസ് അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ പേര്. എണ്ണ വ്യവസായത്തിലെ അതികായനാണ് ഈ കഥാപാത്രം. ലോകത്തെ ഏറ്റവുമ സ്വാധീനശക്തിയുള്ള വ്യക്തികളില്‍ ഒരാള്‍, ഡിഗറിന്‍റെ കമ്പനിയുടെ ചില പ്രവര്‍ത്തനങ്ങള്‍ ഒരു പാരിസ്ഥിതിക ദുരന്തത്തിലേക്കും അത് ഒരു ആണവയുദ്ധത്തിലേക്കും നയിച്ചേക്കാം. പ്രായമേറിട കഥാപാത്രമാണ് ഇത്. ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ, താൻ വരുത്തിവെച്ച ദുരന്തം എല്ലാം നശിപ്പിക്കുന്നതിന് മുൻപ്, താനാണ് മനുഷ്യരാശിയുടെ രക്ഷകൻ എന്ന് തെളിയിക്കാനുള്ള ഒരു തീവ്രശ്രമത്തിലേക്ക് കടക്കുന്നു എന്നാണ് ട്രെയ്‍ലറിനൊപ്പം എത്തിയിരിക്കുന്ന വിവരണം.
യുഎസ് പ്രസിഡന്‍റ് ആയി ജോണ്‍ ഗുഡ്‍മാന്‍ എത്തുന്ന ചിത്രത്തില്‍ സുന്ദ്ര ഹുള്ളര്‍, മൈക്കള്‍ സ്റ്റാള്‍ബര്‍ഗ്, ജെസി പ്ലിമണ്‍സ്, സോഫി വൈല്‍ഡ്, റിസ് അഹമ്മദ്, എമ്മ ഡി ആര്‍സി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. താന്‍ ഇതുവരെ ചെയ്യാത്തതെന്നും തന്നിലെ നടനെ വെല്ലുവിളിച്ച കഥാപാത്രമെന്നുമാണ് ടോം ക്രൂസ് ഡിഗര്‍ റോക്ക്‍വെല്ലിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഡികാപ്രിയോയ്ക്ക് മികച്ച നടനും തനിക്ക് മികച്ച സംവിധായകനുമുള്ള ഓസ്കര്‍ നേടിക്കൊടുത്ത ദി റെവനന്‍റിന് ശേഷം ഇന്യാരിറ്റു സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഭാഷാ ചിത്രവുമാണ് ഡിഗര്‍. വിസ്റ്റവിഷനില്‍ ചിത്രീകരിച്ചിട്ടുള്ള ചിത്രം ഐമാക്സ് കാഴ്ചയില്‍ കൂടുതല്‍ മികവ് കൈവരിക്കും. സറ്റയറിക്കല്‍ ബ്ലാക്ക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഒക്ടോബര്‍ 2 ന് ആണ്.



