ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീറിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം

സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ (Elaveezhapoonchira) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് സ്റ്റോറിയാണ് ചിത്രം. പുറത്തെത്തിയ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ കൌതുകമുണര്‍ത്തുന്ന ഒന്നാണ്. സൌബിന്‍ ഷാഹിറിന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളുടെ പട്ടികയില്‍ ഈ ചിത്രം ഉണ്ടാവും എന്നതും ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷയാണ്.

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീറിന്‍റെ സംവിധാന അരങ്ങേറ്റമാണ് ഇലവീഴാപൂഞ്ചിറ. സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. പൊലീസ് സ്റ്റോറിയാണ് ചിത്രം. മലയാളത്തിൽ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ (DOLBY VISION 4 K HDR) പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക്‌ ഉണ്ട്‌. കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക്‌‌ പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു.

ALSO READ : 'തൊണ്ണൂറുകളിലെ ലാലേട്ടനെപ്പോലെ ഒരു യൂത്തന്‍ പോലും ഇല്ല'; പുതുമുഖങ്ങള്‍ വരണമെന്ന് ഒമര്‍ ലുലു

കപ്പേളയ്ക്ക് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രമാണിത്. നിധീഷിന്‍റെ കഥയ്ക്ക് നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മനീഷ്‌ മാധവൻ, എഡിറ്റിംഗ് കിരൺ ദാസ്‌, സംഗീതം അനിൽ ജോൺസൺ, ഡി ഐ/ കളറിസ്റ്റ് റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്‌, സ്റ്റുഡിയോ ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌ അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേയ്ക്കപ്പ്‌ റോണക്സ് സേവ്യർ, സിങ്ക് സൗണ്ട് പി സാനു, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, സംഘട്ടനം മുരളി ജി, ചീഫ്‌ അസോസിയേറ്റ് ഡിറക്ടർ ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് റിയാസ്‌ പട്ടാമ്പി, വിഎഫ്എക്സ് മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്- എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ് നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്, പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

Elaveezhapoonchira - 4K HDR Trailer | Shahi Kabir | Soubin Shahir | Sudhy Kopa | Vishnu Venu