വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം രജീഷ് മിഥിലയുടെ സംവിധാനത്തിൽ വരുന്ന ചിത്രമാണ് ‘ഇന്നു മുതൽ’. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്നാണ് ടീസർ പുറത്തിറക്കിയത്. ദൈവത്തിന് കൈക്കൂലി കൊടുത്ത ഒരാളും അവധിയെടുത്ത ദൈവവും എന്ന വാചകങ്ങളോട് കൂടി വന്ന ടീസർ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. സ്‌മൃതി സുഗതൻ ആണ് സിജു വിൽ‌സന്റെ നായികയായി എത്തുന്നത്.

ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് എന്ന ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ഇന്ദ്രൻസ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ദിലീപ് ലോഖറെ എന്നിങ്ങനെ വലിയ താര നിര തന്നെ ഇന്ന് മുതലിന്റെ ഭാഗമായുണ്ട്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് എൽദോ ഐസക്കും എഡിറ്റിംഗ് ജംസീൽ ഇബ്രാഹിമുമാണ്. ആൻ സരികയാണ് വസ്ത്രാലങ്കാരം.