നവാഗതനായ ദിവ്യാംഗ് ഥക്കര്‍ രചനയും സംവിധാനവും

രണ്‍വീര്‍ സിംഗിനെ (Ranveer Singh) ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ദിവ്യാംഗ് ഥക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ബോളിവുഡ് ചിത്രം ജയേഷ്ഭായി ജോര്‍ദാറിന്‍റെ (Jayeshbhai Jordaar) ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രം നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ പെണ്‍ ഭ്രൂണഹത്യ എന്ന ഗൌരവമുള്ള വിഷയമാണ് പറയുന്നത്. ഗുജറാത്ത് ആണ് സിനിമയുടെ പശ്ചാത്തലം. 

ഭാര്യയും ഒരു മകളും അടങ്ങുന്നതാണ് ജയേഷ് ഭായിയുടെ കുടുംബം. ഭാര്യ രണ്ടാമത് ഗര്‍ഭിണിയാണ്. ഗ്രാമമുഖ്യനായ അച്ഛന്‍ രാംലാല്‍ പട്ടേലിന് ഇതൊരു ആണ്‍കുട്ടി ആവണമെന്നാണ് ആഗ്രഹം. കുടുംബത്തിനുള്ള അധികാരത്തിന് ഒരു അനന്തരാവകാശി വേണമെന്ന ആഗ്രഹത്താലാണ് ഇത്. ഈ സാഹചര്യം ജയേഷ് ഭായിക്ക് ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. രാംലാല്‍ പട്ടേലിനെ ബൊമാന്‍ ഇറാനി അവതരിപ്പിക്കുമ്പോള്‍ ജയേഷ്ഭായിയുടെ ഭാര്യ മുദ്ര പട്ടേലിനെ അവതരിപ്പിച്ചിരിക്കുന്നത് ശാലിനി പാണ്ഡേ ആണ്. അര്‍ജ്ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധ നേടിയ ശാലിനിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം.

ഒരിടവേളയ്ക്കു ശേഷമാണ് രണ്‍വീര്‍ സിംഗ് സാധാരണക്കാരനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ത്രീവിരുദ്ധതയും ലിംഗ വിവേചനവുമൊക്കെ ചര്‍ച്ചയ്ക്കു വെക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. രത്ന പതക് ഷായാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെയ് 13ന് ചിത്രം തിയറ്ററുകളിലെത്തും.

YouTube video player

'‌മോശം തിരക്കഥയും അവതരണവും'; ബീസ്റ്റിനെക്കുറിച്ച് വിജയ്‍യുടെ പിതാവ്

കോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു വിജയ് (Vijay) നായകനായ ബീസ്റ്റ് (Beast). മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രം എന്നതിനൊപ്പം ഡോക്ടറിനു ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ഈ ചിത്രത്തെക്കുറിച്ചുള്ള പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. എന്നാല്‍ ആദ്യദിനം തന്നെ ശരാശരി മാത്രമെന്നും മോശമെന്നുമുള്ള അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രം എത്തിയതിന്‍റെ തൊട്ടുപിറ്റേന്ന് കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 കൂടി എത്തിയതോടെ ബോക്സ് ഓഫീസിലും ബീസ്റ്റ് കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വിമര്‍ശന സ്വരത്തില്‍ വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ (SA Chandrasekhar) പറഞ്ഞ അഭിപ്രായവും വൈറല്‍ ആയിരിക്കുകയാണ്.

ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു. തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബീസ്റ്റിനെ വിമര്‍ശിച്ചത്. അറബിക് കുത്ത് പാട്ട് എത്തുന്നതു വരെ ചിത്രം താന്‍ ആസ്വദിച്ചെന്നും അതിനു ശേഷം കണ്ടിരിക്കാന്‍ പ്രേമിപ്പിക്കുന്നതായിരുന്നില്ല ചിത്രമെന്നും ചന്ദ്രശേഖര്‍ പറയുന്നു- "വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചിത്രമായിപ്പോയി ഇത്. എഴുത്തിനും അവതരണത്തിനും നിലവാരമില്ല. നവാഗത സംവിധായകര്‍ക്ക് സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഇത്. ഒന്നോ രണ്ടോ നല്ല ചിത്രങ്ങള്‍ കരിയറിന്‍റെ തുടക്കത്തില്‍ അവര്‍ ചെയ്യും. പക്ഷേ ഒരു സൂപ്പര്‍ താരത്തെ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ അവര്‍ ഉദാസീനത കാട്ടും. നായകന്‍റെ താരപദവി കൊണ്ടുമാത്രം ചിത്രം രക്ഷപെടുമെന്നാണ് അവര്‍ കരുതുക", ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.

താരം എത്തി എന്നതുകൊണ്ട് സംവിധായകര്‍ തങ്ങളുടെ ശൈലിയെ മാറ്റേണ്ടതില്ലെന്നും എന്നാല്‍ ഒഴിവാക്കാനാവാത്ത ഘടകങ്ങള്‍ സുഗമമായിത്തന്നെ ഉള്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ബോക്സ് ഓഫീസില്‍ വിജയം നേടുമെങ്കിലും ചിത്രം ഒട്ടും തൃപ്തികരമല്ല. ഒരു സിനിമയുടെ മാജിക് അതിന്‍റെ തിരക്കഥയിലാണ്. ബീസ്റ്റിന് ഒരു നല്ല തിരക്കഥയില്ല", എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു.