മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‍ത ഏറ്റവും പുതിയ ചിത്രം 'ജോജി' ഇന്ന് രാത്രി പ്രദര്‍ശനത്തിനെത്തും. ഡയറക്ട് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വഴിയാണ് പ്രക്ഷകരിലേക്ക് എത്തുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തെത്തി. 

Add Asianetnews as a Preferred SourcegooglePreferred

എരുമേലിയാണ് 'ജോജി'യുടെ കഥാപശ്ചാത്തലം. ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ ഇളയ മകനാണ് ഫഹദ് അവതരിപ്പിക്കുന്ന ജോജി. വിദേശത്തു പോകാനും ധനികനാകാനും ആഗ്രഹിക്കുന്ന, എന്നാല്‍ എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ജോജിയെ ഒരു പരാജിതനായാണ് അച്ഛന്‍ കാണുന്നത്. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്ന ചിത്രത്തില്‍ തന്‍റെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ ജോജി ചില പദ്ധതികള്‍ക്ക് കണക്കു കൂട്ടുകയാണ്. ശ്യാം പുഷ്‍കരന്‍റേതാണ് തിരക്കഥ.

മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് 'ജോജി' ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റിംഗ് കിരണ്‍ ദാസ്. കോ ഡയറക്ടേഴ്സ് റോയ്, സഹീദ് അറഫാത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ഡിഐ പ്രൊഡ്യൂസര്‍ സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം മഷര്‍ ഹംസ. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് വിഷ്‍ണു തണ്ടാശ്ശേരി. ഡിസൈന്‍ യെല്ലോടീത്ത്‍സ്. ഡിഐ കളറിസ്റ്റ് രമേഷ് സി പി. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്യുന്ന മലയാളചിത്രവുമാണ് ഇത്.

YouTube video player