സോണി ലിവിന്‍റെ ഡയറക്ട് റിലീസ്

നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ​ഗാര്‍ഡന്‍സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. നവാഗതനായ ചാര്‍ലി ഡേവിസ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി സെപ്റ്റംബര്‍ 2 ആണ്.

അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്, എഡിറ്റിംഗ് സജിത്ത് ഉണ്ണികൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, സോണി തോമസ് എന്നിവര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്.

ALSO READ : 'പ്രേമം' എഫക്റ്റ്; തമിഴ്നാട് വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുക നേടി ​ഗോള്‍ഡ്

ഗൗതമന്‍റെ രഥമാണ് നീരജ് മാധവിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി സിരീസ് ആയ 'ഫീല്‍സ് ലൈക്ക് ഇഷ്‍കി'ലെ ഒരു ഭാഗത്തിലും നായകനായിരുന്നു നീരജ്. നവാഗതനായ വിനയ് ജോസിന്‍റെ പാതിരാ കുര്‍ബാന, അനുജന്‍ നവനീത് മാധവ് സംവിധാനം ചെയ്യുന്ന എന്നിലെ വില്ലന്‍ എന്നിവയാണ് മലയാളത്തില്‍ നീരജിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. തമിഴില്‍ ഗൗതം മേനോന്‍റെ ചിലംബരശന്‍ ചിത്രം 'വെന്ത് തനിന്തത് കാടി'ലും ഒരു പ്രധാന വേഷത്തില്‍ നീരജ് എത്തുന്നുണ്ട്. അതേസമയം ഒടിടി റിലീസ് ആയി എത്തിയ സൂരറൈ പോട്ര് ആണ് അപര്‍ണ ബാലമുരളിയുടെ അവസാനമെത്തിയ ശ്രദ്ധേയ ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു അപര്‍ണ. നവാ​ഗതനായ സുധീഷ് രാമചന്ദ്രന്‍റെ ഇനി ഉത്തരം, ബ്ലെസിയുടെ ആടുജീവിതം, ഉണ്ണി മുകുന്ദനൊപ്പമെത്തുന്ന ചിത്രം, തമിഴില്‍ അശോക് സെല്‍വന്‍, കാര്‍ത്തി എന്നിവര്‍ നായകരാവുന്ന രണ്ട് ചിത്രങ്ങള്‍ തുടങ്ങി നിരവധി പ്രോജക്റ്റുകള്‍ അപര്‍ണയുടേതായി പുറത്തുവരാനുണ്ട്.

Sundari Gardens Official Trailer| SonyLIV|Aparna Balamurali|Neeraj Madhav|Charlie Davis|Salim Ahamed