ആമസോണ്‍ പ്രൈമിന്‍റെ ഇന്ത്യന്‍ സിരീസുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് രാജും ഡികെയും ചേര്‍ന്ന് സൃഷ്ടിച്ച 'ദി ഫാമിലി മാന്‍'. പത്ത് എപ്പിസോഡുകള്‍ ഉണ്ടായിരുന്ന ആദ്യ സീസണ്‍ 2019 സെപ്റ്റംബറിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ സിരീസിന്‍റെ രണ്ടാം സീസണും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഫെബ്രുവരി 12ന് പ്രീമിയര്‍ ചെയ്യാനിരിക്കുന്ന സീസണിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റ് ആണ് 'ഫാമിലി മാനി'ലെ പ്രധാന കഥാപാത്രം. മനോജ് ബാജ്‍പേയ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുറത്തെത്തിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലും ശ്രീകാന്ത് തിവാരിയും അയാളുടെ കുടുംബവുമാണുള്ളത്. ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. നീരജ് മാധവ് അവതരിപ്പിച്ച 'മൂസ റഹ്മാന്‍' മരിക്കുന്നതായാണ് ആദ്യ സീസണില്‍ കാണിച്ചത്. പക്ഷേ മൂസ രണ്ടാം സീസണില്‍ എത്തുമോ എന്ന കൗതുകം പകരുന്ന ചോദ്യമുയര്‍ത്തി ഒരു ടീസര്‍ കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം പുറത്തുവിട്ടിരുന്നു. അത്തരം സസ്‍പെന്‍സുകളുടെ നിജസ്ഥിതി അറിയാന്‍ ഫെബ്രുവരി 12 വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.