Asianet News MalayalamAsianet News Malayalam

വീരപ്പന്‍ വേട്ടയുടെ അറിയാക്കഥകളുമായി നെറ്റ്ഫ്ലിക്സ് സിരീസ്; 'ദി ഹണ്ട് ഫോര്‍ വീരപ്പന്‍' ടീസര്‍ എത്തി

സെല്‍വമണി സെല്‍വരാജ് ആണ് ഡോക്യുമെന്‍ററിയുടെ സംവിധാനം

The Hunt For Veerappan teaser netflix nsn
Author
First Published Jul 27, 2023, 3:54 PM IST

വനംകൊള്ളയുടെ പേരില്‍ ഇന്ത്യയില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച പലരും കാലാകാലങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും വീരപ്പനോളം കുപ്രസിദ്ധരായവര്‍ അവരില്‍ ഇല്ല. രണ്ട് സംസ്ഥാനങ്ങളുടെ പ്രത്യേക ദൌത്യ സംഘങ്ങളെയും ഇന്ത്യന്‍ അര്‍ധസൈനിക വിഭാഗത്തെയുമൊക്കെ അക്ഷരാര്‍ഥത്തില്‍ രണ്ട് പതിറ്റാണ്ടോളം വീരപ്പന്‍ വെള്ളം കുടിപ്പിച്ചു. അവസാനം നീണ്ട 17 വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴ്നാട് പ്രത്യേക ദൌത്യസംഘത്തിന്‍റെ ഓപ്പറേഷന്‍ കൊക്കൂണ്‍ എന്ന് പേരിട്ട ദൌത്യത്തിലാണ് വീരപ്പന്‍ വീണത്. രണ്ട് പതിറ്റാണ്ടോളം വാര്‍ത്താ തലക്കെട്ടുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന വീരപ്പനെക്കുറിച്ച് പല ഭാഷകളില്‍ നിരവധി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ വീരപ്പന്‍ വേട്ടയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററി സിരീസുമായി എത്തുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ്. 

ദി ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന സിരീസിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. വീരപ്പന്‍റെ ഭാര്യ മുത്തുലക്ഷ്മി, വീരപ്പന്‍ വേട്ടയ്ക്കായി കര്‍ണാടക പൊലീസ് രൂപീകരിച്ച പ്രത്യേക ദൌത്യസംഘാംഗമായിരുന്ന ബി ബി അശോക് കുമാര്‍ (ടൈഗര്‍ അശോക് കുമാര്‍) എന്നിവര്‍ അടക്കമുള്ളവരുടെ അനുഭവങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉണ്ടാവും. വീരപ്പനെക്കുറിച്ചും വീരപ്പന്‍ വേട്ടയെക്കുറിച്ചും ഇതുവരെ അറിയാതിരുന്ന കാര്യങ്ങള്‍ സിരീസില്‍ ഉണ്ടാവുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. 2016 ല്‍ നില എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സെല്‍വമണി സെല്‍വരാജ് ആണ് ഡോക്യുമെന്‍ററിയുടെ സംവിധാനം. കിംബെര്‍ലി ഹസ്സെറ്റുമായി ചേര്‍ന്ന് അവഡേഷ്യസ് ഒറിജിനല്‍സിന്‍റെ ബാനറില്‍ അപൂര്‍വ്വ ബക്ഷിയും മോനിഷ ത്യാഗരാജനും ചേര്‍ന്നാണ് ഡോക്യു സിരീസിന്‍റെ നിര്‍മ്മാണം. ഓഗസ്റ്റ് 4 ന് ആണ് ദി ഹണ്ട് ഫോര്‍ വീരപ്പന്‍റെ പ്രീമിയര്‍. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകള്‍ക്കൊപ്പം മലയാളത്തിലും ലഭ്യമായിരിക്കും ഈ സിരീസ്. 

ALSO READ : രസിപ്പിക്കും ഈ കേസന്വേഷണം; 'കുറുക്കന്‍' റിവ്യൂ

Follow Us:
Download App:
  • android
  • ios